ആഘോഷങ്ങളും ആർഭാടവും ഒഴിവാക്കി അങ്കമാലി എംഎൽഎ റോജി എം ജോണിന് വിവാഹം. ചിലവുചുരുക്കി ലഭിക്കുന്ന തുക ഉപയോഗിച്ച് നിർധന കുടുംബത്തിന് വീടൊരുക്കി നൽകും. തന്റെ ഫേസ്ബുക്ക് പേജിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങളെ എല്ലാവരേയും വിവാഹത്തിന് നേരിട്ട് ക്ഷണിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആഘോഷങ്ങളും, ആർഭാടവും പരമാവധി ഒഴിവാക്കി ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു ചടങ്ങ് നടത്തുവാനാണ് തീരുമാനം. വിവാഹ ആഘോഷങ്ങളുടെ ചിലവ് ചുരുക്കി, പ്രസ്തുത തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുവാനാണ് ആഗ്രഹിക്കുന്നത്.’-റോജി എം ജോൺ തന്റെ കുറിപ്പിൽ പറയുന്നു.
അങ്കമാലി, കാലടി സ്വദേശി ലിപ്സി പൗലോസാണ് വധു. ഒക്ടോബര്‍ 29 ന് അങ്കമാലി സെന്‍റ്. ജോര്‍ജ്ജ് ബസിലിക്ക പള്ളിയില്‍ വച്ച് 3.30 നാണ് വിവാഹം. എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണമെന്നും എംഎൽഎ അഭ്യര്‍ത്ഥിക്കുന്നു. വധു ലിപ്സിയോടൊപ്പമുള്ള ഫോട്ടോയോടൊപ്പമാണ് എംഎൽഎ റോജി എം ജോൺ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
















