തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫാസ് വർധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ടിസി വാങ്ങിയ പോയ സംഭവത്തിൽ വിദ്യാർത്ഥിയെ തിരികെ കൊണ്ടുവരുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിക്കുകയും വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ എടുക്കാൻ കോളേജ് മുൻകൈയെടുക്കണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സർവകലാശാലയുടെ ഫീസ് ഘടനയിൽ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഫീസ് ഘടനയിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും വിദ്യാർത്ഥികൾക്ക് അംഗീകരിക്കാൻ കഴിയാത്ത തുകയാണെങ്കിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും. വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണ് കൂടുതൽ ഇടപെടാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂട്ടിയ ഫീസ് തുക അടയ്ക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ് കാർഷിക സർവകലാശാലയിലെ പഠനം ഉപേക്ഷിച്ച് ടിസി വാങ്ങിയത് എന്ന് ബിരുദ വിദ്യാർത്ഥിയായ അർജുൻ വ്യക്തമാക്കി. താൻ മാത്രമല്ല, ഫീ മൂന്നിരട്ടിയായി കൂട്ടിയതിനാൽ പല വിദ്യാർത്ഥികളും കടുത്ത സാമ്പത്തിക പ്രതിസന്ധ നേരിടുന്നുണ്ടെന്ന് അർജുൻ ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. ഫീസ് വർധനവിനൊപ്പം എജുക്കേഷൻ ഗ്രാൻഡ് ആനുകൂല്യം അർഹതയുള്ള സീനിയർ വിദ്യാർത്ഥികൾക്ക് അവ ലഭിക്കുന്നതിൽ വലിയ കാലതാമസമാണ് നേരിടുന്നതെന്നും അർജുൻ ചൂണ്ടിക്കാണിച്ചു.
കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള തൃശൂർ, തിരുവനന്തപുരം, കാസർഗോഡ്, വയനാട് ജില്ലകളിലെ കോളേജുകളിൽ അഗ്രികൾച്ചർ, ഫോറസ്ട്രി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ ബിരുദ കോഴ്സുകൾക്കാണ് വൻ ഫീസ് വർധനവ് ഉണ്ടായിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഫീസ് ഘടനയിൽ നിന്ന് മൂന്നു മടങ്ങ് വർധനവാണ് വരുത്തിയത്. ഫീസ് വർധനയെക്കുറിച്ച് അപേക്ഷാ സമയത്ത് വിദ്യാർത്ഥികൾക്ക് വ്യക്തമായി അറിയിച്ചിരുന്നില്ലെന്നതാണ് വിദ്യാർത്ഥികൾ ഉയർത്തുന്ന പ്രധാന ആരോപണം. ക്ലാസുകൾ തുടങ്ങാനിരിക്കെ മാത്രമാണ് ഉയർന്ന ഫീസിന്റെ വിവരം ലഭിച്ചതെന്നും വിദ്യർത്ഥികൾ പറയുന്നു.
















