തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ഇന്ന് ആരംഭിക്കുന്നു. ഇന്ന് മുതൽ എനുമറേഷൻ ഫോമുകളുടെ പ്രിന്റിംഗ് തുടങ്ങും. നവംബർ 3 വരെയാണ് ഫോമുകളുടെ പ്രിന്റിംഗ് ഉണ്ടാവുക തുടരും. പ്രിന്റിംഗിന് ശേഷം ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കാനാണ് തീരുമാനം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇലക്ഷൻ കമ്മീഷ്ൻ കേരളത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. എസ്ഐആറിന്റെ ആദ്യ ഘട്ടത്തിൻ തന്നെ കേരളത്തെ ഉൾപ്പെടുത്തിയതിൽസിപിഐഎമ്മും കോൺഗ്രസും എസ്‌ഐആർ നടപടികൾക്കെതിരെ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. നാളെ ചേരുന്ന യോഗത്തിൽ പാർട്ടികൾ അവരുടെ നിലപാട് ഔദ്യോഗികമായി അറിയിക്കും. ആവശ്യമെങ്കിൽ നിയമ നടപടികളിലേക്കും കടക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അടുത്ത ആഴ്ച ആദ്യം തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയക്രമത്തെ ബാധിക്കില്ലെങ്കിലും ജില്ലാ കളക്ടർമാർ ഉൾപ്പെടെ എസ്‌ഐആർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യേണ്ടത് അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക കളക്ടർമാർ യോഗത്തിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ.
പശ്ചിമ ബംഗാളിലും തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ ശക്തമാകുകയാണ്. ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിനുമുമ്പായി തൃണമൂൽ കോൺഗ്രസ് നേതൃത്വവും പാർട്ടി ആസ്ഥാനത്ത് അടിയന്തര കൂടിയാലോചന നടത്തും. ബംഗാളിൽ എസ്‌ഐആർ അനുവദിക്കില്ലെന്ന നിലപാട് തൃണമൂൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന സർക്കാർ നടത്തിയ കൂട്ടസ്ഥലം മാറ്റം വിവാദമായി. 17 ജില്ലാ മജിസ്‌ട്രേറ്റുമാർ ഉൾപ്പെടെ 235 ഉദ്യോഗസ്ഥരെയാണ് സർക്കാർ മാറ്റിയത്. ഈ നടപടിയിൽ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. കമ്മീഷന്റെ അനുമതിയില്ലാതെ നടത്തിയ സ്ഥലംമാറ്റങ്ങൾ ഉടൻ റദ്ദാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
















