ഡൽഹി: ഇന്ത്യയില്‍ ആദ്യമായി പൂർണമായും ഒരു യാത്രാവിമാനം നിർമിക്കുമെന്ന് എച്ച്എഎൽ. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ഇക്കാര്യത്തിൽ ധാരണയായി. ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന എസ്ജെ-100 വിമാനമാണ് ഇന്ത്യയിൽ നിർമിക്കാൻ ധാരണയായത്.
രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ വിമാനമാണ് എസ്ജെ-100 ഇത് നിർണായകകരാറാണെന്നും ’ഗെയിം ചേഞ്ചറാ’കുമെന്നും ധാരണാപത്രം ഒപ്പിട്ട ശേഷം എച്ച്എഎല്‍ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്ക് ഇതൊരു വഴിത്തിരിവാകും. ‘സിവില്‍ ഏവിയേഷന്‍ മേഖലയില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിത്’ എച്ച്എഎല്‍ പ്രസ്താവനയില്‍ എച്ച്എഎല്‍ അവകാശപ്പെടുന്നു.
ധാരണാപത്രമനുസരിച്ച്, ആഭ്യന്തര ഉപഭോക്താക്കള്‍ക്കായി വിമാനം നിര്‍മിക്കാനുള്ള അവകാശം എച്ച്എഎല്ലിന് ഉണ്ടായിരിക്കും. നിലവില്‍, 200-ല്‍ അധികം എസ്‌ജെ-100 വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്, അവ 16-ല്‍ അധികം എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര യാത്രകള്‍ക്കായി വ്യോമയാന മേഖലയ്ക്ക് 200-ല്‍ അധികം ഇത്തരം നാരോ-ബോഡി ജെറ്റുകള്‍ ആവശ്യമായി വരും. ഈ വിപണിയിലേക്കാണ് കരാറിലൂടെ എച്ച്എഎൽ കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
















