Homepage Featured India News

ഡൽഹി ആസിഡ് ആക്രമണ കേസ്; ഞെട്ടിക്കുന്ന വഴിത്തിരിവ്; പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണക്കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പെൺകുട്ടിയുടെ പിതാവ് അകിൽ ഖാൻ അറസ്റ്റിൽ. പെൺകുട്ടി തന്നെ പിന്തുടരുന്നുണ്ടെന്ന് ആരോപിച്ച പ്രതികളിൽ ഒരാളുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പെൺകുട്ടിയുടെ പിതാവ് അകിൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.

ബാലസംഗത്തിനിരയായ സ്ത്രീ തനിക്കെതിരെ പരാതി നൽകിയതിനാൽ, ആസിഡ് ആക്രമണ കേസിൽ അവരുടെ ഭർത്താവിനെ ഉൾപ്പെടു ത്തുന്നതിനാണ് ആസിഡ് ആക്രമണ കഥ കെട്ടിച്ചതെന്ന് അകിൽ ഖാൻ കുറ്റസമ്മതം നടത്തി. ആരോപിക്കപ്പെടുന്ന ആക്രമണത്തിന് രണ്ട് ദിവസം മുമ്പ്, പ്രതിയുടെ ഭാര്യ പെൺകുട്ടിയുടെ പിതാവിനെതിരെ പീഡനവും ബ്ലാക്ക് മെയിലും ആരോപിച്ചു പരാതി നൽകിയിരുന്നതായി പോലീസ് വെളിപ്പെടുത്തി.

2021 നും 2024 നും ഇടയിൽ അകിലിന്റെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സമയത്ത്, അയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. മറ്റ് രണ്ട് പ്രതികളുടെ അമ്മയും പെൺകുട്ടിയുടെ പിതാവിന്റെ ബന്ധുക്കളും തമ്മിൽ പഴയ സ്വത്ത് തർക്കമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴിയിൽ നിരവധി വൈരുദ്ധ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. അവർ പേരുനൽകിയ പ്രതികളാരും സംഭവം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് സ്ഥിരീകരിച്ചു. ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ദ്രാവകം ഉപയോഗിച്ചാണ് പെൺകുട്ടിയുടെ കൈകൾക്ക് പൊള്ളലേറ്റതെന്ന് പോലീസ് സംശയിക്കുന്നു, മെഡിക്കൽ റിപ്പോർട്ട് വന്നാൽ മാത്രമേ അക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ 10.52 ന് കോളേജിലേക്ക് പോകുമ്പോൾ മൂന്ന് പേർ ആസിഡ് ആക്രമണം നടത്തിയതായി പെൺകുട്ടി പരാതി നൽകിയിരുന്നു. അക്രമികളിൽ ഒരാൾ കഴിഞ്ഞ ഒരു വർഷമായി തന്നെ പിന്തുടരുന്നുണ്ടെന്നും പെൺകുട്ടി ആരോപിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. എന്നിരുന്നാലും, അന്വേഷണത്തിനിടെ, പെൺകുട്ടിയുടെ മൊഴിയിൽ നിരവധി പൊരുത്തക്കേടുകൾ പുറത്തുവന്നതാണ് കേസിന് വഴിത്തിരിവായത്.

Related Posts