2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുക ഷാഫി പറമ്പില്‍. നിലവില്‍ വടകര എംപിയാണ് ഷാഫി. മുന്‍പ് തുടര്‍ച്ചയായി മൂന്ന് തവണ പാലക്കാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ വ്യക്തിയാണ് ഷാഫി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വടകരയില്‍ നിന്ന് ജയിച്ചപ്പോള്‍ ആണ് ഷാഫി പാലക്കാട് വിടുന്നതും ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചു ജയിച്ചതും. ലൈംഗികാരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന രാഹുലിനു വീണ്ടും പാലക്കാട് സീറ്റ് നല്‍കുന്നതിനോടു ജില്ലാ നേതൃത്വത്തിനു വിയോജിപ്പുണ്ട്. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഇല്ലെങ്കില്‍ പാലക്കാട് താന്‍ മത്സരിക്കുമെന്ന നിലപാടിലേക്ക് ഷാഫി എത്തിയിരിക്കുന്നത്.
വടകര ലോക്‌സഭാ സീറ്റിലേക്ക് മാറുമ്പോള്‍ സംസ്ഥാന നേതൃത്വത്തോടു ഷാഫി ആവശ്യപ്പെട്ടിരുന്നത് പാലക്കാട് സീറ്റ് തന്റെ നോമിനിക്ക് വേണമെന്ന ഉപാധിയാണ്. ഇത് അംഗീകരിച്ചാണ് ജില്ലാ നേതൃത്വത്തെ പോലും വിലയ്‌ക്കെടുക്കാതെ സംസ്ഥാന നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത്. രാഹുല്‍ മത്സരിക്കാത്ത സാഹചര്യം വരുമ്പോള്‍ പാലക്കാട് സീറ്റ് മറ്റാര്‍ക്കെങ്കിലുമായി വിട്ടുനല്‍കാന്‍ ഷാഫി തയ്യാറല്ല. ഷാഫി പാലക്കാട് മത്സരിക്കുന്നതില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തിയുണ്ടെങ്കിലും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പിന്തുണ ഷാഫിക്കുണ്ട്. വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല ഗ്രൂപ്പുകളോട് ഇടഞ്ഞുനില്‍ക്കുന്ന ഷാഫി പറമ്പില്‍ – രാഹുല്‍ മാങ്കൂട്ടത്തില്‍ വിഭാഗത്തിനു കെ.സി.വേണുഗോപാലുമായി ഇപ്പോള്‍ അടുത്ത ബന്ധമുണ്ട്. കെ.സി.വേണുഗോപാലും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
രാഹുല്‍ ഇല്ലെങ്കില്‍ തന്റെ ഗ്രൂപ്പിലുള്ള മറ്റാര്‍ക്കെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റ് നല്‍കണമെന്ന നിലപാടായിരുന്നു തുടക്കത്തില്‍ ഷാഫിക്ക്. എന്നാല്‍ അങ്ങനെ ചെയ്താല്‍ വിജയസാധ്യത കുറഞ്ഞേക്കുമെന്ന പേടിയിലാണ് സ്വയം മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് ഷാഫി എത്തിയിരിക്കുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ 3859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പാലക്കാട് ജയിച്ചത്.
















