Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: കണ്ടെത്തിയ സ്വർണ്ണത്തിന്റെ കാലപ്പഴക്കം പരിശോധിക്കാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. കണ്ടെത്തിയ സ്വർണ്ണത്തിന്റെ കാലപ്പഴക്കം നിർണയിക്കാനായിരിക്കും ഈ പരിശോധന. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്ത 400 ഗ്രാമിലേറെ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു കണ്ടെത്തിയ 176 ഗ്രാം തൂക്കം വരുന്ന ഒമ്പത് ആഭരണങ്ങളും ഇതിൽ ഉൾപ്പെടും. പോറ്റിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.

പോറ്റിയും സ്മാർട്ട് ക്രിയേഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എസ്ഐടി പരിശോധിക്കും. ഇരുവരും സ്വർണ ഇടപാടുകൾ നടത്തിയതായി രേഖകളിൽ തെളിവുകളുണ്ട്. കണ്ടെടുത്ത സ്പോൺസർഷിപ്പ് രേഖകളും അന്വേഷണത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്പോൺസർഷിപ്പിന്റെ ഉറവിടവും ഉറപ്പാക്കാനാണ് അന്വേഷണം.

ബെംഗളൂരും ചെന്നൈയിലുമുള്ള തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ബെംഗളൂരുവിലെ പോറ്റിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്ഐടി പരിശോധിക്കുകയും കണ്ടെത്തിയ ഭൂമിയിടപാട് രേഖകൾ വിശദമായി വിലയിരുത്താനുമാണ് ഇപ്പോഴത്തെ നീക്കം. കേരളത്തോടൊപ്പം ബെംഗളൂരുവിലും കോടികളുടെ ഭൂമി ഇടപാടുകൾ പോറ്റി നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ബെംഗളൂരുവിൽ സ്വന്തം പേരിലും കുടുംബാംഗങ്ങളുടേയും പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയും കെട്ടിടങ്ങളും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി പണം പലിശയ്ക്ക് നൽകുന്ന ക്രമീകരണവും പോറ്റിക്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ വിവരം. ഗോവർധന്റെ ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനാണ് എസ്ഐടിയുടെ തീരുമാനം. കേരളത്തിലും തെളിവെടുപ്പ് ഉടൻ ആരംഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Related Posts