Homepage Featured Kerala News

ഇടത്പക്ഷത്തിൽ കരിനിഴലായി പി.എം ശ്രീ; രാജിക്ക് തയ്യാറായി മന്ത്രി രാജനും, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് കോട്ടകൾ പൊളിയുമോ?

തിരുവനന്തപുരം: ഇടത്പക്ഷത്തെ മുഖവിലയ്ക്കെടുക്കാതെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ സിപിഎം ഏകപക്ഷിയാമായി ഒപ്പിട്ടതോടെ കേരളത്തിലെ ഇടത് മുന്നണിയുടെ ഭാവി തുലാസിൽ. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം കേരളത്തിൽ നടക്കുമെന്ന് ഇരിക്കെയാണ് ഇടത്പക്ഷത്തെ വെട്ടിലാക്കി പി.എം ശ്രീ വിവാദം എത്തിയിരിക്കുന്നത്. സിപിഎം കഴിഞ്ഞാൽ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയാണ് കേരളത്തിലെ സിപിഐ. കമ്യൂണിസ്റ്റ് പ്രത്യേശാസ്ത്രങ്ങൾ പേറുന്ന മാതൃ പ്രസ്ഥാനം തന്നെ പരസ്യമായി സിപിഎമ്മിനെതിരെ കൊടിയുയർത്തി രം​ഗത്തെത്തിയതോടെ ഉത്തരം മുട്ടിയ അവസ്ഥയിലാണ് സിപിഎം മന്ത്രിമാരും നേതാക്കളും.

സിപിഐ പ്രധാനപ്പെട്ട ഘടകക്ഷിയായിട്ടും ഏത് സിപിഐ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളുടെ ചോദ്യത്തെ പുശ്ചിച്ച് തള്ളിയത്. മന്ത്രിസഭയിൽ മന്ത്രി രാജൻ ഉൾപ്പെടെയുള്ളവർ രാജി വ്യക്തമാക്കി രം​ഗത്തെത്തിയെങ്കിലും ഇന്ന് നടന്ന ചർച്ചയായിരുന്നു സി.പിഎമ്മിനുള്ള അവസാന കച്ചിത്തരുമ്പ്. എന്നാൽ സിപിഐ വഴങ്ങാതിരുന്നതോടെ ഇനി ഇടത് ബന്ധത്തിന്റെ കാലാവധിയും ഉറ്റുനോക്കേണ്ടി വരും. പിഎം ശ്രീ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ച അനുനയത്തിലെത്തിയില്ലെന്ന് മാത്രമല്ല എതിർപ്പുകൾ അതിരൂക്ഷമായി.

ഒന്നിനും അടുക്കാതെ മന്ത്രി രാജൻ

ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച നടന്നത്. അനുനയനീക്കം പാളിയതോടെ ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐയുടെ തീരുമാനം.സിപിഐ മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചുറാണി എന്നിവർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ്. ഇതിനിടയിൽ മുഖ്യമന്ത്രിയോട് സംസാരിച്ചപ്പോൾ പോലും ഒപ്പിട്ട വിവരം തങ്ങളോട് പങ്കുവെച്ചില്ലെന്ന് പറഞ്ഞ് നിലപാട് കടുപ്പിക്കുന്ന മന്ത്രി പി രാജൻ വേണമെങ്കിൽ ഇപ്പോൾ തന്നെ രാജിക്ക് തയ്യാർ എന്ന നിലപാടിലാണ്. സംഘപരിവാർ ശക്തികളെ കേരളത്തിന് പുറത്ത് എപ്രകാരമാണോ എതിർക്കുന്നത് അതേ നയം തന്നെ കേരളത്തിലും സ്വീകരിക്കുന്നതെന്ന നിലപാടാണ് സിപിഐക്ക്.

മുക്കാൽ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിലെ കൂടിക്കാഴ്‌ച നീണ്ടത്. ഇതിനുശേഷം മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ് എന്നിവരും മുഖ്യമന്ത്രിയെ കണ്ടു. ശേഷം ഗസ്റ്റ് ഹൗസിൽ ബിനോയ് വിശ്വത്തിന്റെ മുറിയിൽ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി.’മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല. ഞങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും ബാക്കിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു നേതൃത്വമുണ്ട്. ആവശ്യമായ ആലോചനകൾക്ക് ശേഷം എല്ലാം അറിയിക്കുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് ഇടതിന് പരീക്ഷണം

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഇടത് സർക്കാരിന്റെ മൂന്നാം ഭരണം ഉറപ്പിക്കാനുള്ള പരീക്ഷണം കൂടിയാണ്. പക്ഷേ ഇടതിലെ തമ്മിലടി പരസ്യമാകുന്നത് മുന്നണിക്ക് തന്നെ ദോഷമായി ബാധിച്ചിട്ടുമുണ്ട്. കൊല്ലം, തിരുവനന്തപുരം , ആലപ്പുഴ തുടങ്ങി സിപിഐയുടെ പല കോട്ടകളും ഇടതിന്റെ കരുത്താണ്. മുന്നണിയിൽ വിള്ളലുണ്ടായാൽ ഇത് സാരമായി തന്നെ ബാധിക്കും. ഈ മണ്ഡലങ്ങളിലെല്ലാം തദ്ദേശ തലത്തിൽ കോൺ​​ഗ്രസിനോ, ബിജെപിക്കോ മേൽക്കൈ ലഭിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പ് നിൽക്കുന്ന സ്ഥാനാർത്ഥിക്കനുസരിച്ചുള്ള വിലയിരുത്തലാണെന്ന് കരുതിയാലും മുന്നണി പോരിലാണേൽ വിജയം പ്രതിപക്ഷ കക്ഷികൾ കൊണ്ടുപോയേക്കുമെന്ന കണക്ക് കൂട്ടലുമെത്തും.

Related Posts