തിരുവനന്തപുരം: യാത്രകൾക്കിടയിൽ ശുചിമുറി കണ്ടെത്താനുള്ള ആശങ്ക ഇനി വേണ്ട. വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്പുമായി ശുചിത്വമിഷൻ. സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലൂ ആപ്പിലൂടെ നിങ്ങളുടെ തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ സാധിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ക്ലൂ ആപ്പ് ലഭ്യമാകും.സ്വകാര്യമേഖലയിൽ നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികൾ കൂടി ഉൾപ്പെടുത്തിയാണ് പദ്ദതി നടപ്പിലാക്കുന്നത് എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
ആപ്പിൽ ഉപയോക്താക്കൾക്ക് മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, റിയൽ ടൈം അപ്‌ഡേറ്റുകൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവയ്ക്കൊപ്പം ശുചിമുറിയുടെ റേറ്റിങും രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായാണ് ക്ലൂ ആപ്പ് ഒരുങ്ങുന്നത്. കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷനൊപ്പം ചേർന്നാണ് ശുചിത്വമിഷൻ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്‌നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സൗകര്യങ്ങൾ എന്നിവയുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാകും.
കേരള ലൂ എന്നത് ചുരുക്കിയാണ് ക്ലൂ എന്ന പേർ ആപ്പിന് നൽകിയിരിക്കുന്നത്. ഫ്രൂഗൽ സൈന്റിഫിക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആപ്പിലേക്ക് ചേരാൻ താല്പര്യപ്പെടുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള രജിസ്‌ട്രേഷൻ ഒക്ടോബർ 28 മുതൽ ആരംഭിക്കും.
















