കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. ബംഗാളി നടി നൽകിയ കേസാണ് റദ്ദാക്കിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ബംഗാളി നടി വെളിപ്പെടുത്തൽ നടത്തി രംഗത്തെത്തിയത്. പിന്നാലെയാണ് നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. 2024 ഓഗസ്റ്റിലാണ് എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ എഫ്ഐആറും അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസിലെ തുടർനടപടികളുമാണ് ജസ്റ്റീസ് സി. പ്രതീപ്കുമാർ റദ്ദാക്കിയത്.
15 വർഷത്തിന് ശേഷമാണ് പരാതി നൽകി നടി രംഗത്തെത്തിയെന്നതും പരമാവധി രണ്ട് വർഷം മാത്രം ശിക്ഷ ലഭിക്കേണ്ട കേസായിരുന്നു ഇതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് പരാതിയുടെ കാലതാമസം പരിഗണിക്കേണ്ടിയിരുന്നു എന്നും കോടതി വിലയിരുത്തി. ആരോപണം വ്യാജമാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ നടൻ രഞ്ജിത്ത് ഹർജി നൽകിയതോടെയാണ് കേസ് ഇന്ന് റദ്ദാക്കിയത്.
സിനിമാ ചർച്ചക്കായി 2009ൽ കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ ചർച്ചയ്ക്ക് വിളിച്ചാണ് ലൈംഗിക പീഡനത്തിന് ശ്രമിച്ചതെന്നാണ് നടിയുടെ ആരോപണം. നടിയെ ലൈംഗീകോദേശ്യത്തോടെ അനുവാദമില്ലാതെ സ്പർശിച്ചെന്നാണ് കേസ്. എന്നാൽ, ആരോപണം വ്യാജമാണെന്നും കേസ് റദാക്കണമെന്നും ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
















