Homepage Featured India News

രാജ്യത്തെ ഏറ്റവും വലിയ സ്വർണ അയിര് ശേഖരം; ഖനനത്തിനൊരുങ്ങി ബിഹാറിലെ ജമൂയി

പട്ന: ഇന്ത്യയുടെ ആകെ കരുതൽ സ്വർണ അയിര് ശേഖരത്തിന്റെ 44 ശതമാനത്തോളം ഉണ്ടെന്ന് കരുതുന്ന ബിഹാറിൽ ഖനനത്തിനൊരുങ്ങി സർക്കാർ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ 222.8 ദശലക്ഷം ടൺ സ്വർണ അയിര് ഇവിടെ ഭൂമിക്കടിയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിയമസഭാ പോരിന് കളമൊരുങ്ങുമ്പോഴും ഖനനത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ബിഹാർ സർക്കാർ.

2022ൽ തന്നെ സ്വർണശേഖരമുള്ളകാര്യം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ വ്യക്തമായിരുന്നു. തുടർന്നും പരിശോധനകൾ നടത്തിവരികയായിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ദേശീയ മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് വൈകാതെ തന്നെ ഖനനം ആരംഭിക്കുമെന്ന് ബിഹാർ അഡീഷണൽ ചീഫ് സെക്രട്ടറിയും മൈൻസ് കമ്മിഷണറുമായ ഹർജോത് കൗർ ബംറ പറയുന്നത്.

ബിഹാറിലെ ജമൂയി ജില്ലയിലാണ് സ്വർണശേഖരമുള്ളത്. ജില്ലയിലെ കർമതിയ, ജാഝ, സോനോ മേഖലകളിലാണ് നിലവിൽ സ്വർണ അയിരുകളുടെ സാന്നിധ്യം കണ്ടെത്തിയത്. സാങ്കേതിക കരാറുകൾ ഒപ്പുവെയ്ക്കുന്നതോടെ ഖനനത്തിനായി പര്യവേക്ഷണം ആരംഭിക്കുമെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

ആകെ 501.83 ദശലക്ഷം ടൺ സ്വർണ അയിരുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. നിലവിൽ കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) ഉൾപ്പെടുന്ന കർണാടകയിലാണ് ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം ഉത്പാദിപ്പിക്കുന്നത്. എന്നാൽ മണ്ണിനടിയിൽ ഖനനം കാത്തുകിടക്കുന്ന സ്വർണത്തിന്റെ കണക്കെടുത്താൽ 44 ശതമാനം വിഹിതം ബിഹാറിലാണ്. രാജസ്ഥാൻ 25 ശതമാനം, കർണാടക 21 ശതമാനം, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് 3 ശതമാനം വീതം, ജാർഖണ്ഡ്- 2 ശതമാനം എന്നിങ്ങനെയാണ് പ്രധാനമായും ഇന്ത്യയുടെ ആകെ സ്വർണശേഖരത്തിൽ മറ്റു സംസ്ഥാനങ്ങളുടെ വിഹിതം. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലായി രണ്ട് ശതമാനം സ്വർ‍ണ അയിരുകളുടെ ശേഖരമാണുള്ളത്.

Related Posts