Homepage Featured India News

21-ാം നൂറ്റാണ്ട് ഇന്ത്യയുടേയും ആസിയാന്റേതും; ആസിയാൻ ഉച്ചകോടിയിൽ വെർച്വൽ മീറ്റിലൂടെ പങ്കെടുത്ത് മോദി

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആസിയാനുമായുള്ള പങ്കാളിത്തം ആഗോള സ്ഥിരതയ്ക്കും ഭാവിയിലെ ആസിയാൻ കൂട്ടായ്മയുടെ വളർച്ചയ്ക്കും ശക്തമായ അടിസ്ഥാനമായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-ആസിയാൻ വാർഷിക ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആസിയാൻ ഇന്ത്യയുടെ ‘ആക്ട് ഈസി’ പോളിസിയുടെ മുഖ്യഘടകമാണെന്നും ഭൗതികമല്ല മറിച്ച് സാംസ്കാരികമായ കൂടിച്ചേരലാണെന്നും മോദി പറഞ്ഞു. “21-ആം നൂറ്റാണ്ട് നമ്മുടെ നൂറ്റാണ്ടാണ് ഇന്ത്യയുടേയും ആസിയാന്റേയും നൂറ്റാണ്ട്”- വെർച്വൽ മീറ്റിലൂടെ അസിയാൻ ഉച്ചകോടിയെ അബിസംബോധന ചെയ്ത് മോദി പ്രസം​ഗിച്ചു.

ചരിത്രപരമായും സാംസ്കാരികമായും ആസിയാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾ കരുത്തേറിയതാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അന്വാർ ഇബ്രാഹിമിനെയും 47-ആമത് ആസിയാൻ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിൽ മോദി പ്രശംസിച്ചു.. ഇന്ത്യയ്ക്കായി രാജ്യ കോ-ഓർഡിനേറ്ററായി സേവനമനുഷ്ഠിച്ച ഫിലിപ്പൈൻസിനെയും അദ്ദേഹം അഭിനന്ദിച്ചു. ആസിയാൻ സമൂഹത്തിലെ 11-ാം അംഗരാജ്യമായി സ്വീകരിച്ച ഈസ്റ്റ് ടിമോറിനെ മോദി സ്വാ​ഗതം ചെയ്തു.

തായ്‌ലൻഡിന്റെ രാജ്ഞി മാതാവ് സിരികിറ്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് മോദി തന്റെ പ്രസം​ഗം തുടർന്നത്. ഇന്ത്യയും ആസിയാനും ചേർന്നാൽ അത് ലോകത്തെ നാലിലൊന്ന് ജനതയെ പ്രതിനിധീകരിക്കുന്ന വലിയ ശക്തിയാണെന്നും ഭൗതികമായി മാത്രമല്ല, ചരിത്രപരമായ പല ബന്ധങ്ങളും നമ്മെ പരസ്പരം ബന്ധപ്പെടുത്തുന്നുണ്ടെന്നും മോദി പ്രസം​ഗത്തിൽ പറഞ്ഞു.

“ഇന്ത്യ എപ്പോഴും ആസിയാൻ നയങ്ങളേയും ആസിയാന്റെ ഇൻഡോ-പസഫിക് വീക്ഷണത്തെയും പൂർണമായി പിന്തുണച്ചിട്ടുണ്ട്.”-അദ്ദേഹം പറഞ്ഞു. ഇപ്പോൾ ലോകം അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും, സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലൂടെ ഇന്ത്യയും–ആസിയാനും സുസ്ഥിരമായ പുരോഗതി കൈവരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts