ന്യൂഡൽഹി: ബിഹാറിൽ 20 വർഷമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണത്തിൽ അഴിമതിയും അക്രമവുമാണ് മാത്രം ഉണ്ടായതെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. സംസ്ഥാന ജനത ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. ജനങ്ങൾ ഭരണ മാറ്റത്തിനായി ഒരുങ്ങിയിരിക്കുകയാണെന്നും നിതീഷ് കുമാർ ഇനി ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും, ഉപമുഖ്യമന്ത്രിയായിരിക്കുമ്പോൾ താൻ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ നൽകാനായിരുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. ഇന്ന് യുവാക്കൾ തൊഴിൽ തേടി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യമാണുള്ളത്, ഇതിന് അവസാനമാകേണ്ട സമയം എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷ് കുമാർ മറ്റൊരു ഏകനാഥ് ഷിൻഡെയാണെന്നും, അമിത് ഷാ തന്നെ നിതീഷ് കുമാറിനെ വഞ്ചിച്ചതാണെന്നും തേജസ്വി ആരോപിച്ചു. നിതീഷ് ഇനി ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്ന് അമിത് ഷാ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അതേസമയം രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി പ്രചാരണത്തെ കുറിച്ച് തേജസ്വി യാദവ് പ്രതികരിച്ചില്ല. തൊഴിലില്ലാഴ്മ, അഴിമതി തുടങ്ങിയ വിഷയങ്ങൾ മുന്നോട്ട് വെച്ചാണ് തേജസ്വി ബിഹാറിൽ പ്രചാരണം ശക്തമാക്കാൻ ഉദ്ദേശിക്കുന്നത്.
















