തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡും സ്വർണ്ണവും നേടിയാൽ അർഹരായ കുട്ടികൾക്ക് വീട് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 50 വീടുകൾ വെച്ചുകൊടുക്കാൻ സ്പോൺസർമാരായതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് അറിയിച്ചിരുന്നു. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.ഐ.എം ഇടുക്കി ജില്ലാ കമ്മിറ്റിയും വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇങ്ങനെ അമ്പതോളം സ്പോൺസർമാർ രംഗത്തെത്തിയതോടെയാണ് മന്ത്രി ഇതിനായി പദ്ധതി രൂപീകരിക്കാൻ നടപടി സ്വീകരിക്കുന്നത്.
‘സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാൻ നേരിട്ട് തിരിച്ചറിയുകയുണ്ടായി.
ഇതിൽ സ്വർണ്ണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരും ഉണ്ട്.’- മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നിലവിൽ അമ്പത് വീട് വെച്ചു നൽകുക എന്നതാണ് ലക്ഷ്യം. ഇതിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടു. വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി പറയുന്നു. ഈ പദ്ധതിയിൽ വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിക്കാമെന്നും പാവപ്പെട്ട കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകുമെന്നും മന്ത്രി കുറിച്ചു.
















