തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി എസ്ഐടി കണ്ടെത്തി. ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. ഭൂമി ഇടപാടുകളോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി പണം പലിശയ്ക്കും നൽകിയിരുന്നതായി അന്വേഷണത്തിൽ വെളിപ്പെട്ടു. രമേഷ് റാവുവിന്റെ പേരാണ് പോറ്റി പലിശ ഇടപാടുകൾക്ക് മറയാക്കിയതെന്നും എസ്ഐടി വ്യക്തമാക്കി.
ബെംഗളൂരു ശ്രീറാംപുരയിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ എസ്ഐടി സംഘം ഏകദേശം 13 മണിക്കൂറിലേറെ നീണ്ട പരിശോധന നടത്തി. പരിശോധനയിൽ 176 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കണ്ടെത്തിയതായാണ് സൂചന. കൂടാതെ, ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കൊള്ളയടിച്ചതായി കരുതുന്ന സ്വർണം, പോറ്റിയുടെ സുഹൃത്ത് ഗോവർധന്റെ ഉടമസ്ഥതയിലുള്ള റൊഡ്ഡം ജ്വല്ലറിയിൽ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതിനാൽ അതിനു മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാൻ എസ്ഐടി ശ്രമം ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പ് എസ്ഐടി ചെന്നൈയിലും തുടരുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് പണിക്കൂലിയായി ലഭിച്ച 106 ഗ്രാം സ്വർണം തിരിച്ചുപിടിക്കാനാണ് ലക്ഷ്യം. ഇന്നലെ രാത്രിവരെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ പരിശോധനകൾ നടന്നു. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയും അന്വേഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു.
















