തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറനെതിരെ കോടികളുടെ സർക്കാർ ഭൂമി അനധികൃതമായി മറിച്ചു വിറ്റതായി പരാതി. കർണാടകയിലെ സർക്കാർ ഭൂമി മറിച്ചു വിറ്റെന്നാണ് പരാതി. അഭിഭാഷകൻ കെ. എൻ. ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കർണാടക ഹൈക്കോടതിയിലും പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ എസ്‌ഐടി അന്വേഷണം ആരംഭിക്കണമെന്നും ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു.
പരാതി പ്രകാരം കർണാടക സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി മറിച്ചു വിറ്റത്. ബിപിഎല്ലിന് ഫാക്ടറി സ്ഥാപിക്കാനായി അനുവദിച്ച ഭൂമിയിൽ പ്രവർത്തനമൊന്നും ആരംഭിക്കാതെ തന്നെ അത് മറ്റൊരാൾക്ക് വിറ്റതായാണ് ആരോപണം. 313.9 കോടി രൂപ മൂല്യമുള്ള ഭൂമിയാണ് ഇടപാടിനായി ഉപയോഗിച്ചതെന്നും പരാതിയിൽ പറയുന്നു. ഇതിൽ 175 ഏക്കർ കൃഷി ഭൂമിയും ഉൾപ്പെട്ടിട്ടുണ്ട്.
















