Homepage Featured Kerala News

പിഎം ശ്രീ വിവാദം: അനുനയശ്രമം, വിവാദ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തുകയാണ്. പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യാമെന്ന നിലപാട് വകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. വ്യവസ്ഥകൾ പരിശോധിക്കാൻ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കാമെന്ന നിർദേശവും മുന്നോട്ട് വന്നു.

എന്നാൽ തുടക്കം മുതൽ സിപിഐ പരസ്യമായി എതിർപ്പ് അറിയിച്ചിട്ടും ചർച്ചകൾ നടത്താതെ ഇതിനകം കരാറിൽ ഒപ്പിട്ടതിനാൽ ഈ നിർദേശങ്ങൾ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ മുഖം രക്ഷിക്കാൻ മാത്രം ഉള്ള തന്ത്രമാണിതെന്ന് നിരീക്ഷണം. നേരത്തെ പാർട്ടി എതിർപ്പ് അറിയിച്ചപ്പോൾ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ചർച്ച നടത്താമെന്ന് വാക്ക് തരികയും ശേഷം പിന്മാറുകയും ചെയ്തതിൽ പാർട്ടിക്ക് അമർഷമുണ്ട്. എം.എ. ബേബിയുടെ ഈ നിലപാട് മാറ്റം പാർട്ടിയുടെ അതൃപ്തി വർധിപ്പിക്കുകയാണ് ചെയ്തത്. പേരിനൊരു സമവായം പാടില്ലെന്നും ശക്തമായ നിലപാട് സ്വീകരിക്കണമെന്നുമാണ് സിപിഐ നേതാക്കൾ ബിനോയ് വിശ്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തർക്കം മുറുകുന്ന സാഹചര്യത്തിൽ സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം നാളെ ചേരും.

Related Posts