കൊച്ചി: ആത്മഹത്യ ചെയ്ത എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ പരിഹസിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നാതാവുമായ പി.പി ദിവ്യ. ‘അഴിമതി അവകാശമാക്കാന്‍ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാന്‍ അധ്വാനിക്കുന്നവരും ഉള്ളപ്പോള്‍ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകള്‍’. ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
65 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെ വിജിലന്‍സ് സംഘടിപ്പിക്കുന്ന അഴിമതിക്കെതിരെയുള്ള ബോധവല്‍ക്കരണ വാരവുമായി ബന്ധപ്പെട്ട വീഡിയോയ്‌ക്കൊപ്പമായിരുന്നു ദിവ്യയുടെ പരിഹാസ കുറിപ്പ്. പി.പി.ദിവ്യയ്ക്കും പ്രശാന്തിനുമെതിരെ കുടുംബം മാനനഷ്ടക്കേസ് ഫയൽ ചെയ്തതോടെയാണ് ദിവ്യ വീണ്ടും രംഗത്തെത്തിയതെന്നാണ് സൂചന.
മാനനഷ്ടക്കേസിൽ പത്തനംതിട്ട സബ് കോടതി രണ്ടുപേർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. കുംടുംബത്തിന്റെ ഹർജി അടുത്ത മാസം പരിഗണിക്കും. ഭർത്താവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചെന്നാണ് നിവിൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹർജിയിൽ പരാമർശിക്കുന്നത്. 2024 ഒക്ടോബർ 15നു പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ നഗരത്തിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ ചെങ്ങളായിലെ പ്രശാന്തിന്റെ പെട്രോൾ പമ്പിന് അനുമതിക്കുള്ള അപേക്ഷയിൽ നടപടിയെടുക്കാൻ വൈകിയതിന്റെ പേരിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂർ മുൻ എഡിഎം ആയിരുന്ന നവീൻബാബുവിനെതിരെ പരസ്യമായി വിമർശിക്കുകയും അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ കോട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
















