പാരിസ്: ഫ്രാൻസിലെ അതീവ സുരക്ഷയുള്ള ലൂവർ മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലെന്ന് റിപ്പോർട്ട്. മ്യൂസിയത്തിലെ വിലയേറിയ 8 ആഭരണങ്ങളായിരുന്നു കവർന്നത്. മോഷണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റുണ്ടാവാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
ഈ മാസം 19-ന് മ്യൂസിയത്തിലേക്ക് ബൈക്കിലെത്തിയ മോഷ്ടാക്കൾ രണ്ടാം നിലയിലെ ബാൽക്കണി വഴി അപ്പോളോ ഗാലറിയിൽ കടന്നായിരുന്നു 8 രത്നാഭരണങ്ങൾ കവർന്നത്. 10.2 കോടി ഡോളർ (ഏകദേശം 896 കോടിരൂപ) മൂല്യം കണക്കാക്കുന്ന ആഭരണങ്ങളായിരുന്നു കവർന്നത്. മോഷണമുതലുകളിലൊന്ന് മ്യൂസിയത്തിനടുത്തു നിന്ന് തിരികെ കിട്ടിയിരുന്നു.
തുടർന്ന് വിലപിടിപ്പുള്ള ആഭരണങ്ങൾ ലൂവർ മ്യൂസിയം അധികൃതർ ബാങ്ക് ഓഫ് ഫ്രാൻസിന്റെ ലോക്കറിലേക്കു മാറ്റി. കവർച്ചനടന്ന അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന രാജഭരണകാലത്തെ ആഭരണങ്ങളാണ് മാറ്റിയതെന്ന് ആർടിഎൽ എന്ന ഫ്രഞ്ച് റേഡിയോ റിപ്പോർട്ട് ചെയ്തു. ഇവിടെ ഭൂനിരപ്പിൽ നിന്ന് 27 മീറ്റർ ആഴത്തിലുള്ള അറയിലേക്ക് രാജ്യത്തിന്റെ ആഭരണശേഖരം മാറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
















