റായാപൂർ: ഛത്തിസ്ഗഢിലെ ബിജാപൂരിൽ മാവോവാദികൾ രണ്ടുപേരെ വെട്ടിക്കൊന്നു. പൊലീസിന് വിവരം ചോർത്തിയെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. സൈനികന്റെ സഹോദരനും
പൊലീസ് ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാർത്ഥിയുമാണ് മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
രവി കട്ടം (25), തിരുപ്പതി സോദി (38) എന്നിവരെയാണ് മാവോവാദികൾ കൊലപ്പെടുത്തിയത്. രവി കട്ടം പോലീസ് ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാർത്ഥിയായിരുന്നു. ഗ്രാമംവിട്ട് ബസ്തർ ടൗണിലെത്തിയായിരുന്നു ഇയാൾ പരിശീലനം നേടിക്കൊണ്ടിരുന്നത്. ഇതിനിടെ പൊലീസിന് വിവരം നൽകുന്നുവെന്നാണ് മാവോവാദികളുടെ സംശയം.
ബിജാപുർ ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. നെലകാങ്കർ എന്ന വിദൂര ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ എത്തിയ പതിനഞ്ചോളം വരുന്ന മാവോവാദി സംഘം വീടുകൾ വളയുകയും വാതിലിൽ മുട്ടുകയും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പുറത്തു വന്നപ്പോൾ വീടിനു മുന്നിൽ വെച്ചുതന്നെ ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകങ്ങളുടെ ഉത്തരവാദിത്തം നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുടെ സൗത്ത് ബസ്തർ ഡിവിഷന്റെ പാമേഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. ഇത്തരം വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് മാവോവാദികൾ ‘ജനതാ അദാലത്ത്’ എന്നപേരിൽ പരസ്യ വിചാരണ നടപ്പിലാക്കാറുണ്ട്. എന്നാൽ ഇവിടെ അതുണ്ടായില്ല. ഈ വർഷം ഇതുവരെ 41 സാധാരണക്കാർ ഇത്തരത്തിൽ വിവിധയിടങ്ങളിലായി മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മാവോവാദികൾ കൂട്ടമായി പൊലീസിന് കീഴടങ്ങുന്നുവെന്ന വാർത്തകൾക്കിടയിലാണ് ക്രൂരമായ രണ്ട് കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് ഛത്തീസ്ഗഢിൽ 170 മാവോവാദികൾ കീഴടങ്ങിയിരുന്നുവെന്നും ഇതിൽ സംഘടനയുടെ ‘ബോംബ് നിർമ്മാതാവ്’ എന്നറിയപ്പെടുന്ന തക്കലപ്പള്ളി വാസുദേവ റാവു എന്ന രൂപേഷ് (59) ഉൾപ്പെടുന്നുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. 2000 ഡിസംബർ 2-ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്നയാളാണ് രൂപേഷ്.
ഇതിന് മുമ്പ് ഒക്ടോബർ 14-ന് മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ വെച്ച് സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗമായ മല്ലോജുള വേണുഗോപാൽ റാവു എന്ന സോനു (70) അറുപതോളം വരുന്ന മാവോയിസ്റ്റ് കേഡർമാർക്കൊപ്പം കീഴടങ്ങിയിരുന്നു. ഇതിനു ശേഷം തിപ്പിരി തിരുപ്പതി എന്ന ദേവുജി (62), മാദ്വി ഹിഡ്മ എന്ന സന്തോഷ് (51) എന്നിവരാണ് ഈ നിരോധിത സംഘടനയുടെ തലപ്പത്തുള്ളത്.
















