തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വെച്ചത് ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി മാത്രമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവർത്തിച്ചു. നടപ്പിലാക്കാത്തതിനാൽ സർവശിക്ഷാ അഭിയാൻ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട 1500 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഈ തുക നഷ്ടപ്പെടുത്താൻ പാടില്ലെന്ന ചിന്തയിലാണ് വിദ്യാഭ്യാസ വകുപ്പ് ഒപ്പ് വെക്കൽ നടപടി സ്വീകരിച്ചത് എന്നും മന്ത്രി പറഞ്ഞു. പദ്ധതി ഭാഗമായി 165 സ്കൂളുകൾ തിരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പാഠപുസ്തകങ്ങൾ തയ്യാറാക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് തന്നെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കരാറിൽ ഏത് ഘട്ടത്തിലും സംസ്ഥാനത്തിന് പിന്മാറാനുള്ള വ്യവസ്ഥയുണ്ടെന്നും ഇരുകക്ഷികളും തമ്മിൽ ചർച്ച ചെയ്ത് യോജിച്ച തീരുമാനം എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായഭിന്നത ഉണ്ടാകുകയാണെങ്കിൽ നിയമപരമായ നടപടികളിലേക്ക് പോകാനുള്ള അവകാശവും സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ഇടതുപക്ഷ ജനാധിപത്യ വിദ്യാഭ്യാസനയം ഒരിക്കലും അടിയറവുവയ്ക്കില്ലെന്നും, ആർഎസ്‌എസ് നേതാക്കളെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ. സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന്റെ സ്വപ്നം മാത്രമാണെന്നും ഒന്നാംതരം മുതൽ പത്താംതരം വരെയുള്ള ക്ലാസുകളുടെ പാഠപുസ്തകങ്ങൾ ഇതിനകം അച്ചടിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
കേന്ദ്ര സർക്കാർ പാഠപുസ്തക ഉള്ളടക്കത്തിൽ തെറ്റായ നിലപാട് സ്വീകരിച്ചപ്പോൾ ബദൽ പാഠപുസ്തകങ്ങൾ ഇറക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഓർമ്മിപ്പിക്കുകയും കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ സംസ്ഥാന സർക്കാർ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ചികിത്സയും പരിശീലനവും എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നത്. എന്നാൽ ഫണ്ട് തടഞ്ഞുവെച്ചതിനെ തുടർന്ന് ഓട്ടിസം സെന്ററുകളിലെ ജീവനക്കാർക്ക് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. കൂടാതെ സംസ്ഥാനത്തെ ഏകദേശം 150 വർണക്കൂടാരം പദ്ധതികളും ഇതേ ഫണ്ടിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതികൾ നിലച്ചു പോകാതിരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടികളിലേക്ക് നീങ്ങുന്നതെന്നും മന്ത്രി വിശദീകരിച്ചു.
















