Kerala News

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ജി സുധാകരന് ക്ഷണം, തിരഞ്ഞെടുപ്പിൽ മുന്നിൽ നിർത്തും; സുധാകരനെ അടുപ്പിക്കാൻ നേതൃത്വ നീക്കം

അമ്പലപ്പുഴ: സി.പി.എമ്മിലെ വിഭാ​ഗീയത ഏറെ നാളുകൾക്ക് ശേഷം മറനീക്കി പുറത്ത് വന്നത് മുൻ മന്ത്രി ജി സുധാകരന്റെ പരസ്യ പ്രതികരണങ്ങളോടെയാണ്. പാർട്ടിയെ വിമർശിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെത്തിയതോടെയാണ് ജി സുധാകരനും ആലപ്പുഴ സി.പി.എമ്മും വീണ്ടും ചർച്ചയാകുന്നത്. മുൻപ്. വി.എസിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ആലപ്പുഴ ലോബി കരുത്തേറിയിരുന്നെങ്കിലും വി.എസിന് ശേഷം സുധാകരൻ എന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തുകയാണ്. ഇപ്പോഴിതാ പാർട്ടിയുമായി പരസ്യമായി പോരിടുന്ന ജി സുധാകരനെ എങ്ങനെയും പാർട്ടിയോട് ചേർത്തു നിർത്തുന്ന നയമാണ് ആലപ്പുഴയിലെ സി.പി.എം നേതൃത്വം സ്വീകരിക്കാനൊരുങ്ങുന്നത്.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതും വാർത്തയായിരുന്നു.

മുൻപ് സി.പി.എം പൊതുപരിപാടിയിൽ ക്ഷണിച്ചെങ്കിലും ക്ഷണം നിരസിച്ച ജി സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എത്തുമോ എന്നതാണ് നേതാക്കൾ ഉറ്റ് നോക്കുന്നത്. തോട്ടപ്പള്ളി നാലുചിറ പാലത്തിൻറെ ഉദ്ഘാടനച്ചടങ്ങിലേക്ക് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന് ക്ഷണമെത്തിയത്. ദീർഘ നാളുകളായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിൻറെ ഭാഗമായാണ് ഈ ക്ഷണമെന്നാണ് സൂചന. വിശിഷ്ടാതിഥി ആയാണ് സുധാകരനെ കെ.സി. വേണുഗോപാൽ എംപിക്കൊപ്പം ചടങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.തിങ്കളാഴ്ച രാവിലെ 10:30യ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ‍്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.എം. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, പി. പ്രസാദ് എന്നിവരും പങ്കെടുക്കും.

അടുപ്പിക്കാൻ സജി ചെറിയാന്റെ നീക്കം

ഇടഞ്ഞ് നിന്ന സുധാകരനെ അടുപ്പിക്കാൻ ചുക്കാൻ പിടിക്കുന്നത് മന്ത്രി സജി ചെറിയാൻ തന്നെയാണെന്നാണ് സൂചനകൾ. വിവാദങ്ങൾക്ക് പിന്നാലെ ജി.സുധാകരൻ തന്റെ നേതാവാണെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ തമ്മിൽ സംസാരിച്ചു തീർത്തോളാമെന്നും സജി ചെറിയാൻ പ്രതികരിച്ചത്. മാധ്യമങ്ങൾ എഴുതിവിടുന്ന പോലെ പ്രശ്നങ്ങൾ ഇരുവരും തമ്മിലില്ലെന്നും സജി ചെറിയാൻ ആവർത്തിക്കുകയും ചെയ്തു.

ജി സുധാകരനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ​ഗൂഢ സംഘങ്ങളാണെന്ന ആക്ഷേപവും അദ്ദേഹം നിരാകരിച്ചിരുന്നു. പാർട്ടി പ്രവർത്തകർ സുധാകരനെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് തടയിടുമെന്ന് നേരത്തെ തന്നെ ആലപ്പുഴ ജില്ലാ ഘടകം മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് വകമാറ്റി, സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിന് പോലും സുധാകരൻ സജീവമായില്ല തുടങ്ങി നിരവധി കുറ്റങ്ങളാണ് പാർട്ടി ജില്ലാ ഘടകം സുധാകരന്റെ അച്ചടക്ക ലംഘന കത്തിൽ തുറന്നു കാട്ടിയത്. പാർട്ടിയേയും പാർട്ടി നയങ്ങളേയും പൊതുവേദിയിൽ പരിഹസിക്കുന്ന സുധാകരന്റെ നയത്തിൽ ഒരു വിഭാ​ഗം പിന്തുണയ്ക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാ​ഗം പരസ്യ പ്രതിഷേധവുമായി മുന്നിട്ട് നിൽക്കുകയുമാണ്.

Related Posts