വാഷിങ്ടൺ: കാനഡയ്ക്കുമേൽ ഇപ്പോഴുള്ളതിനേക്കാൾ 10 ശതമാനം അധികനികുതി ചുമത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വേൾഡ് സീരീസിന്റെ പ്രദർശനത്തിന് തൊട്ടു പിന്നാലെയാണ് ട്രംപിന്റെ നടപടി. അമിത താരിഫുകളുമായി ബന്ധപ്പെട്ട മുൻ യുഎസ് പ്രസിഡന്റിന്റെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ വേൾഡ് സീരീസിന്റെ പരസ്യം സംപ്രേഷണം ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രതികരണം പുറത്തുവന്നത്. ‘വസ്തുതകളെ ഗുരുതരമായി തെറ്റായി ചിത്രീകരിക്കുകയും ശത്രുതാപരമായ പ്രവൃത്തി ചെയ്യുകയും ചെയ്തതിനാൽ, കാനഡയിലെ താരിഫ് അവർ ഇപ്പോൾ നൽകുന്നതിനേക്കാൾ 10% കൂടുതൽ വർദ്ധിപ്പിക്കുന്നു.’- ട്രംപ് പറയുന്നു.
മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് റീഗൻ യുഎസിന്റെ താരിഫ് ചുമത്തലുകൾ വ്യാപാരയുദ്ധത്തിനു കാരണമായേക്കുമെന്നും യുഎസിന്റെ തന്നെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നതായും പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോ ഉൾപ്പെടുത്തിയത് വ്യാപാര നയങ്ങളെ വിമർശിക്കുന്നതാണെന്നും കാനഡയിലെ ഒന്റാരിയോ സർക്കാർ ഇത് മനപൂർവം ദുരുപയോഗം ചെയ്തതായും ട്രംപ് ആരോപണമുന്നയിച്ചു.
പരസ്യം പിൻവലിക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പിന്നീട് സ്ഥിരീകരിച്ചു. പരസ്യത്തിന്റെ സന്ദേശം ന്യായമായ വ്യാപാരത്തിനും തുറന്ന വിപണികൾക്കും വേണ്ടിയാണെന്നും ഫോർഡ് പറഞ്ഞു. ചർച്ചകൾക്ക് കാനഡ തയ്യാറാണെന്നും മാർക്ക് കാർണി പ്രതികരിച്ചു. സംഘർഷത്തിനു പകരം നയതന്ത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പരസ്പര ബഹുമാനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
















