അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അടിമാലി ലക്ഷംവീട് കോളനി ഭാഗത്ത് രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ ദാരുണാന്ത്യം. വീട് തകർന്നുവീണതിനെ തുടർന്ന് സിമന്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതികളിൽ ഗൃഹനാഥൻ ബിജുവാണ് മരിച്ചത്. ബിജുവിനെ പുറത്തെടുക്കുമ്പോൾ ഗുരുതര അവസ്ഥയിലായിരുന്നു. സന്ധ്യയയെ പുറത്തെടുത്തതിന് ശേഷം ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ഭർത്താവ് ബിജുവിനെ പുറത്തെടുത്തത്. രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ നീക്കിയാണ് രക്ഷാപ്രവർത്തകർ ബിജുവിനെ പുറത്തെടുത്തത്.
ഒരു രാത്രി മുഴുവൻ രക്ഷാപ്രവർത്തനത്തിനായി ശ്രമം നടത്തിയതിന് ശേഷമാണ് ഇരുവരെയും പുറത്തെടുക്കാൻ സാധിച്ചത്. ആദ്യം സന്ധ്യയെയാണ് പുറത്തെടുത്തത്. ഇവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, കാലിന് പൊട്ടലുണ്ടായതായും ശ്വാസതടസ്സമുണ്ടെന്നും അധികൃതർ അറിയിച്ചു. വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സന്ധ്യയെ ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി 10.30ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള കുന്നിൻ ഭാഗം ഇടിഞ്ഞ് പാതയിലേക്കും താഴെയുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. ദമ്പതികളുടെ വീടുകൾക്ക് സമീപമുണ്ടായിരുന്ന രണ്ടിൽ അധികം വീടുകൾ തകർന്നു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നുള്ള 25ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതിൽ ബിജുവിനെയും സന്ധ്യയെയും ഉൾപ്പെട്ടിരുന്നു. എന്നാൽ ചില പ്രധാനപ്പെട്ട രേഖകൾ എടുക്കാൻ ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്.
















