തൃശ്ശൂർ: മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം വൻ കവർച്ച. ബസ്സിറങ്ങി ശുചിമുറിയിലേക്ക് പോകാൻ പണം അടങ്ങിയ ബാഗ് മെഡിക്കൽ സ്റ്റോറിന് സമീപം വെച്ച് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയ ഒരു സംഘം ആ ബാഗ് കവരുകയായിരുന്നു. എടപ്പാൾ സ്വദേശിയും അറ്റ്ലസ് ബസ് ഉടമയുമായ മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവർന്നത്. 75 ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച പുലർച്ചെ 04.30 ഓടെയാണ് സംഭവം. ബെംഗളൂരുവിൽനിന്നുള്ള സ്വകാര്യബസിൽ മണ്ണുത്തിയിലെത്തിയ മുബാറക്ക് പണം അടങ്ങിയ ബാഗ് മെഡിക്കൽ സ്റ്റോറിന് സമീപം വെച്ച് ശുചിമുറിയിലേക്ക് പോയി പെട്ടന്ന് ഇന്നോവയിൽ ഒരു സംഘം അവിടെയെത്തുകയും കാറിൽ നിന്ന് ഒരാൾ ബാഗ് കവരുകയുമായിരുന്നു. പെട്ടന്ന് തന്നെ മുബാറക്ക് തടയാൻ ശ്രമിച്ചെങ്കിലും പിടിവലിക്കൊടുവിൽ അയാൾ കാറിൽ കയറി രക്ഷപെട്ടു. സ്ഥിരമായി കടയിൽ വരാറുള്ള ആളാണ് മുബാറക്ക് എന്നും ബാഗ് എടുത്തു കൊണ്ടു പോകുന്നത് മുബാറക്കിന്റെ ഡ്രൈവർ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പിന്നീട് മുബാറക്ക് ഇയാളെ തടഞ്ഞപ്പോഴാണ് കവർച്ചക്കാരാണെന്ന് മനസ്സിലായതെന്നും ദൃക്സാക്ഷിയായ വ്യക്തി പറഞ്ഞു.
തന്റെ വാഹനം വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. എന്നാൽ മുബാറക്കിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്നും കുഴൽപ്പണ സാധ്യത ഉൾപ്പടെ സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. പണം തട്ടിയെടുത്തവർ ഉപയോഗിച്ച കാറിന്റെ മുൻഭാഗത്തും പിൻഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകൾ വ്യത്യസ്തമാണെന്നും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഒല്ലൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















