തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളിൽ സിപിഐയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടെ തെരുവിലിറങ്ങി സിപിഐയുടെ വിദ്യാർത്ഥി – യുവജന സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തെരുവിൽ നേരിടുമെന്ന് എഐവൈഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
‘കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല ഞങ്ങള്‍. ഒരു പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ ചരിത്രത്തിലില്ലാത്ത നിലയില്‍ പോലീസ് ജലപീരങ്കി പതിച്ചു. ആര്‍എസ്എസുകാരാണ് ഇത് നിയന്ത്രിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സമരം ചെയ്യും. അടിച്ചമര്‍ത്താന്‍ നോക്കേണ്ട. പിഎം ശ്രീ എന്ന പദ്ധതി കേരളത്തിന്റെ മണ്ണില്‍ അനുവദിക്കില്ല.’-നേതാക്കൾ പറയുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള സിപിഎം നേതാക്കൾ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതെന്ത് സര്‍ക്കാരാണ് ഇതല്ല എൽഡിഎഫ് എന്നതടക്കമുള്ള ബിനോയ് വിശ്വത്തിന്റെ വിമർശനവും പാർട്ടി നിർദേശിച്ചാൽ രാജിയിലേക്കെന്ന സിപിഐ മന്ത്രിമാരുടെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. എന്നാൽ വിഷയത്തിൽ അനുനയ നീക്കവുമായി ശനിയാഴ്ച മന്ത്രി വി ശിവൻകുട്ടി സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയിരുന്നു.
സംസ്ഥാന സർക്കാരിനു വേണ്ടി പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയും കേന്ദ്രത്തിനു വേണ്ടി അഡീഷണൽ സെക്രട്ടറിയുമാണ് പിഎംശ്രീയിൽ ധാരണാപത്രം(എം.ഒ.യു) ഒപ്പുവെച്ചത്. ഒക്ടോബർ 16 നാണ് ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ കേന്ദ്രവുമായി ധാരണയായത്. സാക്ഷികളായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറി ഡോ.എസ് ചിത്രയും സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) ഡയറക്ടർ എആർ സുപ്രിയയും ഒപ്പു വെച്ചിരുന്നു. ഇതുകൂടാതെ കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥരും ധാരണാപത്രത്തിൽ സാക്ഷികളായി ഒപ്പുവെച്ചിട്ടുണ്ട്.
















