തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയും ടീമും നവംബറിൽ കേരളത്തിലെത്തില്ല. ഔദ്യോഗിക സ്ഥിരീകരണവുമായി സ്പോൺസർ. നവംബർ 17ന് കൊച്ചിയിൽ മത്സരം നടത്തുമെന്ന പ്രാഥമിക പ്രഖ്യാപനങ്ങൾക്കിടെയാണ്, ഇപ്പോൾ മെസിയുടെയും ടീമിന്റെയും വരവ് റദ്ദാക്കിയത്. അംഗോളയിൽ മാത്രം കളിക്കാനാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
കേരളത്തിന് മത്സരത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെന്നതാണ് ഫിഫയും എഎഫ്എയും എടുത്ത നിലപാട്. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കാത്തതിനെ തുടർന്ന് ഫിഫ അംഗീകാരം നൽകിയില്ല എന്നാണ് സ്പോൺസർ അറിയിച്ചത്. ഇതോടെ സർക്കാരിന്റെ മെസി കേരളത്തിലേക്ക് എന്ന പ്രചാരണം തകരുകയായിരുന്നു. അതേസമയം മാർച്ചിൽ മത്സരം സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സ്പോൺസർമാർ സൂചന നൽകി. എന്നാൽ ഇതുസംബന്ധിച്ച് സർക്കാരിന്റെയും സംഘാടകരുടെയും വ്യക്തമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
അർജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദർശനം റദ്ദാക്കിയതോടെ രാഷ്ട്രീയതലത്തിലും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സർക്കാരിന്റെ അശ്രദ്ധയാണ് ഇതിന് കാരണം എന്നാരോപിച്ച് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. 2011 സെപ്റ്റംബറിലാണ് ലയണൽ മെസി അവസാനമായി ഇന്ത്യയിൽ എത്തിയിത്. അന്ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ ജേഴ്സിയണിഞ്ഞ് അദ്ദേഹം കളിച്ചിരുന്നു. ആ മത്സരം മെസിയുടെ അർജന്റീന ടീം നായകനായുള്ള ആദ്യ മത്സരം കൂടിയായിരുന്നു.
















