Homepage Featured Kerala News

ന്യൂനമർദ്ദം; മോന്ത ചുഴലിക്കാറ്റിന് സാധ്യത, കാലവർഷസമാനമായ മഴയുണ്ടായേക്കും

തിരുവനന്തപുരം: അറബിക്കടലിലെയും ബം​ഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ കാലവർഷത്തിനു സമാനമായ കൂടിയും കുറഞ്ഞുമുള്ള മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസങ്ങളിൽ നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 25-നകം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാനും, ഒക്ടോബർ 26-നകം തീവ്രന്യൂനമർദമായും, തുടർന്ന് ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനെയാണ് മോന്ത(MON-THA) ചുഴലിക്കാറ്റെന്ന് വിളിക്കുക. തായ്ലന്റാണ് പേരു നിർദേശിച്ചത്.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കർണാടക – വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദവുമായി ചേർന്നിട്ടുണ്ട്.

Related Posts