തിരുവനന്തപുരം: കേരളത്തിൽ നവംബർ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കേരളത്തോടൊപ്പം തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും എസ്ഐആർ പ്രക്രിയ തുടങ്ങും. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം എസ്ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പരിഷ്കരണത്തിനുള്ള വിശദമായ ഷെഡ്യൂൾ ഉടൻ തയ്യാറാക്കി പ്രസിദ്ധീകരിക്കാനാണ് തീരുമാനം.കേരളത്തിൽ അവസാനമായി തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടന്നത് 2002ൽ ആണ്. ഈ പട്ടിക അടിസ്ഥാന രേഖയായി കണ്ടാണ് പരിഷ്കരണം നടത്തുന്നത്.
എതിർപ്പുകൾക്കിടയിലും എസ്ഐആർ നടപ്പാക്കുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറച്ച നിലപാടിലാണ്. ബീഹാർ മാതൃകയിലുള്ള എസ്ഐആറിനെതിരെ കേരളം നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കർ കമ്മീഷന് കത്തയച്ചതും നിയമസഭ ഇതിനെതിരെ പ്രമേയം പാസാക്കിയതും ശ്രദ്ധേയമായത്.
ഡൽഹിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ എസ്ഐആറിനുള്ള തയ്യാറെടുപ്പുകൾ ചർച്ചയായതായി കമ്മീഷൻ അറിയിച്ചു. എന്നാൽ ഏതെങ്കിലും സംസ്ഥാനത്തെ പ്രക്രിയയിൽ നിന്ന് ഒഴിവാക്കുമെന്ന സൂചന ഒന്നും തന്നെ കമ്മീഷൻ നൽകിയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും തയ്യാറെടുപ്പുകൾ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
















