അന്തരിച്ച പരസ്യ ഗുരു പിയൂഷ് പാണ്ഡെയ്ക്ക് ആദരം അർപ്പിച്ചു പ്രത്യേക ഡൂഡിൽ തയാറാക്കിയിരിക്കുകയാണ് അമുൽ. ശനിയാഴ്ച കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പ്രത്യക്ഷപ്പെട്ട പ്രത്യേക ഡൂഡിൽ, ഇന്ത്യൻ പരസ്യ ലോകത്തെ പാണ്ഡെയുടെ സർഗ്ഗാത്മക പ്രതിഭയ്ക്കുള്ള ആദരാഞ്ജലിയായാണ് നൽകിയിരിക്കുന്നത്. തന്റെ മഹത്തായ കരിയറിൽ അദ്ദേഹം സൃഷ്ടിച്ച ദേശീയോദ്ഗ്രഥന ഗാനമായ ‘മിലെ സുർ മേരാ തുംഹാര’യോടുള്ള ഹൃദ്യമായ ആദരവാണിത്.
“ഇൻകാ സുർ സബ്സെ മിലാ” എന്ന വരിയും അമുൽ ടോപ്പിക്കൽ ഇന്ത്യയുടെ പരസ്യ ഇതിഹാസങ്ങളിൽ ഒരാൾക്ക് ആദരാഞ്ജലികൾ! എന്ന അടിക്കുറിപ്പും പോസ്റ്റിൽ ഉണ്ടായിരുന്നു. നർമ്മവും കാലികവുമായ മുദ്രാവാക്യങ്ങൾക്ക് പേരുകേട്ട അമുലിന്റെ വാക്കുകൾ വ്യവസായ ലോകത്തെയും ആരാധകരെയും ഒരുപോലെ ആകർഷിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ന്യുമോണിയ ബാധിച്ച് 70 കാരനായ പാണ്ഡെ അന്തരിച്ചത്. പിയൂഷ് പാണ്ഡെയോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതും അദ്ദേഹം സൃഷ്ടിച്ച ശുദ്ധമായ മാന്ത്രികതയുടെ ഭാഗമാകാൻ കഴിഞ്ഞതും ഒരു ബഹുമതിയായിരുന്നു എന്നാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് അനുശോചനക്കുറുപ്പിൽ പറഞ്ഞത്.
, പരസ്യ വ്യവസായത്തിൽ വലിയ മുദ്ര പതിപ്പിച്ച ഒരു മനുഷ്യനായിരുന്നു അദ്ദേഹം… പക്ഷേ ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് അദ്ദേഹം നിർമ്മിച്ച പ്രചാരണങ്ങളോ അദ്ദേഹം നിർമ്മിച്ച ബ്രാൻഡുകളോ അല്ല, മറിച്ച് അദ്ദേഹത്തിന്റെ ഹൃദയംഗമമായ ചിരിയും ജീവിതത്തോടുള്ള അടക്കാനാവാത്ത അഭിനിവേശവുമാണ് എന്നാണ് എക്‌സിലെ ഒരു പോസ്റ്റിൽ ആനന്ദ് മഹീന്ദ്ര കുറിച്ചത്. ഗൗരവമേറിയ ബിസിനസ്സിൽ പോലും, സന്തോഷവും മനുഷ്യത്വവും ഒരിക്കലും മറക്കരുതെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
1982-ൽ പ്രശസ്തമായ ഓഗിൽവി & മേത്തർ ഇന്ത്യ (ഇപ്പോൾ ഓഗിൽവി ഇന്ത്യ) എന്ന സ്ഥാപനത്തിലൂടെയാണ് പാണ്ഡെ തന്റെ പരസ്യ യാത്ര ആരംഭിച്ചത്. ഒരു ട്രെയിനി അക്കൗണ്ട് എക്സിക്യൂട്ടീവായിട്ടായിരുന്നു തുടക്കം. പിന്നീട് ക്രിയേറ്റീവ് മേഖലയിലേക്ക് മാറി.
ഉൽപ്പന്നത്തിന്റെ സത്ത പകർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ്, മറക്കാനാവാത്ത ജിംഗിളുകളും മുദ്രാവാക്യങ്ങളും സൃഷ്ടിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഏഷ്യൻ പെയിന്റ്സിന്റെ ‘ഹർ ഖുഷി മേം റംഗ് ലായേ’, കാഡ്ബറിയുടെ ‘കുച്ച് ഖാസ് ഹേ’, ഫെവിക്കോളിന്റെ ഐക്കണിക് ‘എഗ്’ ഫിലിം തുടങ്ങിയ ഐക്കണിക് പരസ്യ കാമ്പെയ്‌നുകളുടെ പിന്നിലെ സൂത്രധാരനായിരുന്നു അദ്ദേഹം.
2004-ൽ, കാൻ ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയിൽ ജൂറി പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ആദ്യ ഏഷ്യക്കാരനായി പാണ്ഡെ മാറി. 2012-ൽ, അദ്ദേഹത്തിന് CLIO ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും, പത്മശ്രീയും ലഭിച്ചു, ഇതോടെ ദേശീയ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പരസ്യ വ്യക്തിയായി അദ്ദേഹം മാറി.
















