ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിൽ വോൾവോ ബസിന് തീപിടിച്ച് വൻ ദുരന്തം. കർണൂലിന് സമീപം പുലർച്ചെ 3.30ഓടെയുണ്ടായ അപകടത്തിൽ 25ൽ അധികം പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി എന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള കാവേരി ട്രാവൽസിന്റെ സ്വകാര്യ വോൾവോ ബസിനാണ് തീപിടിച്ചത്. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപമാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ ബസ് മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കുകയും വാഹനം ബസിന്റെ അടിയിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ തീപ്പൊരിയിലാകാം ബസിന് തീ പിടിച്ചത് എന്നാണ് കർണൂൽ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീൽ പറഞ്ഞത്. അപകടം ഉണ്ടായതിനു പിന്നാലെ മിനിറ്റുകൾക്കകം ബസ് പൂർണ്ണമായും കത്തിനശിച്ചു.
ബസിൽ 42 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തീ പടർന്നതോടെ 12 പേർ ജനാലകൾ തകർത്തു ചാടി രക്ഷപ്പെട്ടു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഗ്നിശമന സേന എത്തിയപ്പോഴേക്കും ബസ് പൂർണ്ണമായി കത്തി നശിച്ചിരുന്നു. പരിക്കേറ്റവരെ ഏസി ബസിന്റെ ചില്ല് തകർത്താണ് രക്ഷപെടുത്തിയത്. ഇവരെ കർണൂൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ ഡ്രൈവറും ക്ലീനറും അപകടത്തിനുശേഷം ഓടി രക്ഷപ്പെട്ടതായാണ് വിവരം.
















