തിരുവനന്തപുരം: എൻഇപിയിൽ ഒപ്പിടില്ലെന്ന നിലപാട് മാറ്റിയെന്നും എന്നാൽ പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനാലാണ് നിലപാടിൽ മാറ്റത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ നയം വ്യക്തമാക്കി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘എൻഇപി അംഗീകരിക്കില്ലെന്നത് പഴയ നിലപാട്, ലോകാവസാനം വരെ അത് തുടരാനാകില്ല. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയാൻ ആകില്ല. ഉണ്ടായിരുന്ന ആശങ്കകളിൽ കേന്ദ്രവുമായി ചർച്ച നടത്തി.’- വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പിഎം ശ്രീയിൽ ചേരാത്തതിനാൽ 1158.13 കോടി സംസ്ഥാനത്തിന് നഷ്ടമായി. കരാർ ഒപ്പിടുന്നതിലൂടെ സംസ്ഥാനത്തിന് 1476 കോടി രൂപ ലഭിക്കുമെന്നും ഇതാണ് സംസ്ഥാന സർക്കാർ പിഎംശ്രീയിൽ ചേരാൻ കാരണമെന്നും അദ്ദേഹം പറയുന്നു.
എല്ലാ കാലത്തും ഒരു നിലപാടിൽ ഉറച്ചു നിൽക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കേരളത്തിന്റെ നയങ്ങൾക്ക് യോജിച്ച കാര്യങ്ങളേ നടപ്പിലാക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ‘ദേശീയ വിദ്യാഭ്യാസ നയത്തിൽ കേരളം ഒപ്പുവച്ചെങ്കിലും എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ കഴിയില്ല.’- മന്ത്രി വ്യക്തത വരുത്തി.
‘കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188.58 കോടി രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശ്ശിക 513.54 കോടി രൂപയാണ്. 2025-26 വര്‍ഷം ലഭിക്കേണ്ട 456.1 കോടി രൂപ തടഞ്ഞുവെച്ചു. ആകെ 1158.13 കോടി രൂപ ഇതിനകം നഷ്ടമായി. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷാ അഭിയാന്‍ കുടിശ്ശികയും പിഎം ശ്രീ ഫണ്ടും ഉള്‍പ്പടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം നല്‍കാന്‍ ധാരണയായിട്ടുള്ളത് 971 കോടി രൂപയാണ്’ മന്ത്രി പറഞ്ഞു.
‘കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേജ് 17-ലെ സെക്ഷന്‍ നാലില്‍ മുപ്പത്തരണ്ടില്‍ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്‍.ഇ.പി വന്നതിന് ശേഷം 1 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയില്‍ ഊന്നിയ പാഠ്യപദ്ധതിയാണ് നാം ഒരു വ്യാഴവട്ട കാലത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിച്ചതിലൂടെ നടപ്പിലാക്കിയത്.’- അദ്ദേഹം പറഞ്ഞു.
എൽഡിഎഫിൽ ചർച്ച ചെയ്തോ ഇല്ലയോ എന്നുള്ള കാര്യം തനിക്കറിയില്ലെന്നും താൻ എൽഡിഎഫ് യോഗത്തിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ വിഷയം ചർച്ച ചെയ്തില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞതായി മന്ത്രിയെ മാധ്യമ പ്രവർത്തകർ അറിയിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാലഘട്ടത്തിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് മാറേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു.
















