മുംബൈ: റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിക്കും യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിക്കും ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശ്രദ്ധയിൽ പെട്ടെന്ന് റിലയൻസ്. യൂറോപ്യൻ യൂണിയന്റെ മാർഗനിർദേശത്തോടൊപ്പം ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടും അനുസരിച്ച് പ്രവർത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
യൂറോപ്യൻ യൂണിയൻ, യുകെ, യുഎസ് എന്നിവ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് റിലയൻസ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. പുതിയ സാഹചര്യങ്ങളിൽ ഉള്ള പ്രത്യാഘാതങ്ങൾ റിലയൻസ് നിലവിൽ വിലയിരുത്തുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ബാധകമായ ഉപരോധങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും പാലിക്കുന്നതാണ് കമ്പനിയുടെ പാരമ്പര്യമെന്ന് റിലയൻസ് വ്യക്തമാക്കുന്നു.
‘യൂറോപ്പിലേക്ക് ശുദ്ധീകരിച്ച ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള യൂറോപ്യൻ യൂണിയന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കും. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിൽ നിന്ന് എന്തെങ്കിലും മാർഗ്ഗനിർദ്ദേശം ലഭിക്കുന്നെങ്കിൽ അതും ഞങ്ങൾ പൂർണ്ണമായും പാലിക്കും.’-റിലയൻസ് പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് റിലയൻസ് നിലകൊള്ളുന്നതെന്നും റിലയൻസ് കൂട്ടിച്ചേർക്കുന്നുണ്ട്.
മാറിക്കൊണ്ടിരിക്കുന്ന വിപണിയെയും നിയന്ത്രണങ്ങളെയും കണക്കിലെടുത്താണ് വിതരണം. വിതരണക്കാരുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ട് നിലവിലെ വ്യവസ്ഥകൾ പാലിക്കും. പ്രവർത്തനങ്ങളിൽ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സമയോചിതമായ പരിശോധനയ്ക്ക് കമ്പനി വിധേയമാണെന്നും അതിനനുസരിച്ചാകും മുന്നോട്ടുള്ള നയങ്ങളെന്നും കമ്പനി പറയുന്നു.
















