Homepage Featured News World

ഒരു സമ്മർദത്തിനും വഴങ്ങില്ല, തിരിച്ചടി നൽകാൻ റഷ്യക്കറിയാം; അമേരിക്കയുടെ ഉപരോധത്തിൽ മറുപടിയുമായി പുടിൻ

മോസ്കോ: അമേരിക്കയുടെ ഉപരോധത്തിന് ശക്തമായ മറുപടിയുമായി റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ രം​ഗത്തെത്തി. അമേരിക്കയുടേത് ശത്രുതാപരമായ സമീപനമാണെന്നും ഒരു സമ്മർദത്തിനും റഷ്യ വഴങ്ങില്ലെന്നും പുടിൻ പറഞ്ഞു. അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകാൻ തങ്ങൾക്ക് അറിയാമെന്നും അമേരിക്ക അത് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യക്ക് മേലുള്ള അമേരിക്കയുടെ ഉപരോധം രാജ്യത്തെ ബാധിക്കില്ലെന്നും പുടിൻ വ്യക്തമാക്കി.

നേരത്തെ പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുകയും അതിനെ തുടർന്ന് റഷ്യക്കെതിരെ ട്രംപ് ഭരണകൂടം റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിക്കുകയുമായിരുന്നു. കടുത്ത ഉപരോധങ്ങളാണ് റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് എതിരെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്ലാഡിമിർ പുടിൻ നേരും നെറിയും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കാൻ കാരണം എന്നാണ് യു എസ് ട്രഷറി സെക്രട്ടറി അറിയിച്ചത്.

യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ വെടിനിർത്തലിനായി നടത്തിയ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെന്ന് നേരത്തെ വൈറ്റ് ഹൗസ് നിരാശ പ്രകടിപ്പിച്ചിരുന്നു. ‘ഈ അർത്ഥമില്ലാത്ത യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡൻറ് പുടിൻ വിസമ്മതിച്ച സാഹചര്യത്തിൽ, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്’ എന്ന് യു എസ് ട്രഷറി സെക്രട്ടറി അറിയിച്ചിരുന്നു.

ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയടക്കമുള്ള കമ്പനികളക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബെസെന്റ്. ഈ നീക്കം “റഷ്യക്കെതിരെ ഞങ്ങൾ നടപ്പാക്കിയ ഏറ്റവും വലിയ ഉപരോധങ്ങളിൽ ഒന്നാണ്” എന്നും അദ്ദേഹം വിവരിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം പറഞ്ഞു.

Related Posts