Kerala Lead News News

പിഎം ശ്രീ; ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടത്, കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പിഎംശ്രീ ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതേസമയം കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന് നൽകേണ്ടുന്ന പദ്ധതികൾ കേരളത്തിന് തരേണ്ടതാണ്. വിവിധ പദ്ധതികളിലായി 8000 കോടിയോളം കേരളത്തിന് തരാനുണ്ട്. നിബന്ധനകൾ വെച്ചും അല്ലാതെയും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്ന തരത്തിൽ കേന്ദ്രം നിലപാടെടുക്കുകയാണ്.’- ​എംവി ​ഗോവിന്ദൻ പറഞ്ഞു. കോൺ​ഗ്രസ് ഭരിക്കുന്ന കർണാടകയിൽ പിഎം ശ്രീ നടപ്പിലാക്കുന്നുണ്ടെന്നും പിഎം ശ്രീയുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് സിപിഎം എതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘സാമ്പത്തിക ഉപരോധമാണ് കേന്ദ്രം അടിച്ചേൽപ്പിക്കുന്നത്. അർഹതപ്പെട്ട പണം കേരളത്തിന് ലഭിക്കണം. ഇടതുപക്ഷ പാർട്ടികൾക്ക് ഞങ്ങളുടേതായ നയമുണ്ട് എന്നാൽ തങ്ങൾക്ക് ഈ ഭരണകൂടത്തിന് കീഴിൽ അത് നടപ്പിലാക്കുന്നതിന് പ്രായോ​ഗിക ബുദ്ധിമുട്ടുണ്ട്. ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കേണ്ട കേന്ദ്രം വല്ല്യേട്ടൻ നിലപാട് സ്വീകരിക്കുന്നു. ആയിരക്കണക്കിന് കോടികളാണ് കേരളത്തിന് ഫണ്ട് കിട്ടാനുള്ളത്. വിവിധ ഫണ്ടുകൾ വാങ്ങുന്നതിന് നിബന്ധനകൾ വെയ്ക്കുന്നത് ആദ്യമായല്ല. എന്നാൽ അടിച്ചേൽപ്പിക്കലുകൾ വർദ്ധിക്കുകയാണ്.’

ഇടതുപക്ഷജനാധിപത്യ മുന്നണി കേന്ദ്ര സർക്കാരിന്റെ നയങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നു. ഫണ്ടുകൾ രാജ്യത്തെ ജനങ്ങളുടേതാണെന്നും അത് കേരളത്തിലെത്താത്തതിൽ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് പ്രതികരണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൃത്യമായ രാഷ്ട്രീയ അടിത്തറ എൽഡിഎഫിനുണ്ട്. അതിൽ സിപിഎം കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടിയാണ് സിപിഐയെന്നും അവരുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളെ വിമർശ്ശിച്ചായിരുന്നു എംവി ​ഗോവിന്ദൻ വാർത്താ സമ്മേളനം ആരംഭിച്ചത്. താൻ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞു പോകുന്നതിനിടെ ആവർത്തിച്ച് സിപിഐയുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോഴാണ് താൻ ‘എന്ത് സിപിഐ’ എന്ന് ചോദിച്ച് കടന്നു പോയത്. അതിനെ സിപിഐയെ അവഹേളിച്ചെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത കൊടുത്തെന്ന് അദ്ദേഹം വിമർശിച്ചു.

Related Posts