കോഴിക്കോട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒപ്പിട്ട കരാർ പരിശോധിച്ച ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നത്തിൽനിന്ന് ഒളിച്ചോടുകയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേർന്ന് പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് വീണ്ടും പ്രതികരിക്കാമെന്നുമാണ് ടിപി രാമകൃഷ്ണൻ പറഞ്ഞത്.
‘വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരാണ് കരാർ ഒപ്പിട്ടത്. വ്യവസ്ഥ എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല. ഒപ്പിട്ടത് മന്ത്രി അറിഞ്ഞു കൊണ്ടായിരിക്കാം.’- അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ വിഷയം ചർച്ച ചെയ്യുമെന്നും വ്യവസ്ഥകൾ മനസ്സിലാക്കിയശേഷമേ അത് കേരളത്തിന് ഗുണമാകുമോ ദോഷമാകുമോ എന്ന് പറയാൻ കഴിയൂവെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണെന്നും എന്നാൽ അതിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ‘അത് മുന്നണിയിലെ അനൈക്യമായി കാണാൻ കഴിയില്ല. ഞങ്ങൾ എല്ലാവരും ചേർന്നതാണ് മുന്നണി. ചർച്ച നടത്തി പരിഹാരം കാണാൻ കഴിയുമോയെന്ന് നോക്കിയിട്ടേ പറയാൻ കഴിയൂ’- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പിഎം ശ്രീയിൽ ഒപ്പിട്ടതിനു പിന്നിൽ വൻ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് ബിനോയ് വിശ്വം കത്തയച്ചിട്ടുണ്ട്. മുന്നണി മര്യാദകൾ ലംഘിച്ചെന്നും കത്തിൽ പരാമർശമുണ്ട്. ഇടതുപക്ഷ സർക്കാരിൽ നിന്ന് ഇങ്ങനെയൊരു നീക്കം അപ്രതീക്ഷിതമെന്നും ഭാവി പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നും അദ്ദേഹം കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
















