തിരുവനന്തപുരം: പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫും എഐഎസ്എഫും നാളെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തും.
ഇത് സിപിഎം-സിപിഐ തർക്കമല്ല. ഡി വൈ എഫ് ഐയും എസ് എഫ് ഐയും പ്രതികരിക്കാത്തതിൽ അൽഭുതവും ആശങ്കയുമുണ്ട്. ധാരണാപത്രം ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.ധൃതി പിടിച്ച് ഒപ്പിട്ടത് ശരിയായ നടപടിയല്ല.
എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോയാൽ ശക്തമായ സമരം നടത്തും. ദേശീയ വിദ്യാഭ്യാസ നയത്തിൽ വർഗീയത ഒളിച്ചുകടത്തുന്നു. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കേണ്ടതില്ല എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. പി എം ശ്രീ പദ്ധതിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറുന്നതുവരെ സമരം നടത്തുമെന്നും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു.
















