Homepage Featured India News

പ്രായമായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ഇനി പണി കിട്ടും; ശമ്പളത്തിന്റെ 15 ശതമാനം വരെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക്

ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ഇനി പണി കിട്ടും. തെലങ്കാന സർക്കാർ ആണ് പുതിയ നിയമം കൊണ്ടുവരുന്നത്. സർക്കാർ ജീവനക്കാർ മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെ കട്ട് ചെയ്യാനാണ് സർക്കാർ നിലപാട്.ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിയമം കൊണ്ടുവരുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്.

ഈ നിയമത്തിന്‍റെ കരട് തയ്യാറാക്കാൻ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി രാമകൃഷ്ണ റാവുവിനോട് ആവശ്യപ്പെട്ടു. ‘തെലങ്കാന റൈസിംഗ് 2047’ വിഷൻ ഡോക്യുമെന്‍റിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ പുതിയ ഉദ്യോഗസ്ഥരും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ്-II ജീവനക്കാർക്ക് നിയമന ഉത്തരവുകൾ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളുമായി സമീപിക്കുന്നവരോട് അനുകമ്പയോടെ പെരുമാറണമെന്ന് അദ്ദേഹം ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിച്ചു. ഈ നിയമം കരട് രൂപത്തിലാക്കേണ്ടത് നിങ്ങളായിരിക്കും. നിങ്ങൾക്ക് മാസം തോറും ശമ്പളം ലഭിക്കുന്നതുപോലെ, നിങ്ങളുടെ മാതാപിതാക്കൾക്കും അതിൽ നിന്ന് പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts