Homepage Featured Kerala News

ഹിജാബ് വിവാദം; സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെ, ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർതഥിനിയെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടികൾ അവസാനിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെയെന്ന് കോടതി പറഞ്ഞു.

രക്ഷിതാവിന്റെ നിലപാടിനൊപ്പം സർക്കാരും സ്കൂളും നടപടികൾ അവസാനിപ്പിക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഹർജി പരിഗണിച്ചപ്പോൾ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ തയ്യാറാണെന്ന് സ്കൂൾ മാനേജുമെന്റും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടിയ്ക്ക് സ്കൂളിൽ തുടരാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയെ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റുകയാണെന്ന് രക്ഷിതാവ് അറിയിച്ചു.

അതേസമയം കുട്ടിക്ക് ഹിജാബിട്ട് സ്കൂളിലെത്താമെന്ന് നിലപാടെടുത്ത ഡിഡിഇയുടെ ഉത്തരവിന് സ്റ്റേ നൽകാനാകില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഉത്തരവിന് ഉടൻ സ്റ്റേ വേണമെന്ന സ്കൂൾ മാനേജ്മെന്റിന്റെ ഹർജി കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കോടതി വിഷയം രമ്യമായി തീർപ്പാക്കുന്നത്.

സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനി യൂണിഫോമിനൊപ്പം ശിരോവസ്ത്രവും (ഹിജാബ്) ധരിച്ചെത്തിയതാണ് തർക്കത്തിനു തുടക്കം കുറിച്ചത്. ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരുമെന്ന ഉറപ്പോടെ രക്ഷിതാക്കൾ സമ്മതപത്രം നൽകണമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ മാത്രമേ വിദ്യാർത്ഥിക്ക് പഠനം തുടരാൻ കഴിയൂവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതോടെ പ്രശ്നം കൂടുതൽ വഷളായിരുന്നു. മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പൊതു സമൂഹത്തിലും വിഷയം ചർച്ചയായിരുന്നു.

Related Posts