Homepage Featured Kerala News

എതിർപ്പിന് പുല്ലുവില; പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് സിപിഐ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചതിനെതിരെ കടുത്ത എതിർപ്പ് രേഖപ്പെടുത്തി സിപിഐ. പാർട്ടിയുടെ നിലപാട് അവഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സിപിഐ ആരോപിക്കുന്നു.
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയത്തെ വിശദമായി ചർച്ച ചെയ്യാനാണ് തീരുമാനം.

എൽഡിഎഫ് തലത്തിൽ വിഷയം പരിഗണിക്കുമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ഉറപ്പ് നൽകിയിട്ടും ചർച്ച ചെയ്യാതെ, ഏകപക്ഷീയമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നതാണ് സിപിഐയുടെ പ്രധാന ആരോപണം. മുന്നണി മര്യാദകളുടെ ലംഘനമാണ് ഈ നടപടി എന്ന പൊതുവികാരത്തിലാണ് സിപിഐ. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ടു എതിർപ്പ് അറിയിക്കാനുള്ള നീക്കത്തിലാണ് സിപിഐ നേതാക്കൾ. മറ്റു ഘടകകക്ഷികളുമായും സിപിഐ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസവകുപ്പിന്റെ ഒപ്പ് വെയ്ക്കൽ നടപടിയിൽ പ്രതിഷേധിക്കാനാണ് എഐഎസ്എഫിന്റെ തീരുമാനം. എഐഎസ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാർ നടപടി വഞ്ചനാപരമായ നിലപാടാണ് എന്ന വിമർശമുയർത്തി. പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരം നടത്തുമെന്ന് സംഘടന അറിയിച്ചു. പഞ്ചായത്ത്, കാമ്പസ് തലങ്ങളിൽ പ്രകടനങ്ങളും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്ന പരിപാടികളും സംഘടിപ്പിക്കാനാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസ് ആഹ്വാനം ചെയ്തത്. അഴിമതിയിൽ മുങ്ങിയ കുടുംബത്തെ രക്ഷിക്കാൻ പിണറായി വിജയൻ ജനങ്ങളെ വഞ്ചിക്കുന്നുവെന്നാണ് നവാസ് ആരോപിച്ചത്. ആർ.എസ്.എസ് ഡീലിനോട് എതിർപ്പ് പ്രകടിപ്പിക്കാതെ എസ്.എഫ്.ഐ പാലിക്കുന്ന മൗനം കുറ്റകരമാണെന്നും, കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഇത്തരം നിലപാടുകൾ ഒരിക്കലും മാപ്പ് തരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശദീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (NEP) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാട് ആവർത്തിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കമെന്ന് വ്യക്തമാക്കുന്നു.

Related Posts