കൊല്ലം: പിഎം ശ്രീ വിവാദങ്ങൾക്കിടെ കുണ്ടറയിൽ സിപിഐയിൽ കൂട്ടരാജി. മുന്നൂറോളം അംഗങ്ങളാണ് സിപിഐയിൽ നിന്ന് രാജി വെച്ചത്. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനവും ജില്ലാ സെക്രട്ടറിയുടെ സ്വജനപക്ഷപാതപരമായ നിലപാടുകളുമാണ് അംഗങ്ങളുടെ രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടിയുടെ കുണ്ടറ മണ്ഡലം സമ്മേളനത്തിൽ പാർട്ടി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേർ, മൂന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 29 ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ ഉൾപ്പടെയാണ് രാജിവെച്ചത്. രാജി വെച്ച് എല്ല അംഗങ്ങളും സിപിഐഎമ്മിലേക്ക് ചേർന്നു.
സിപിഐ ലോക്കൽ കമ്മിറ്റികളായ പേരയം, കുണ്ടറ, ഇളമ്പള്ളൂർ സൗത്ത്, നോർത്ത്, പെരിനാട് ഈസ്റ്റ്, പെരിനാട് വെസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള 325ൽ ഏറെ പാർട്ടി അംഗങ്ങളും കുമ്പളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉൾപ്പടെ 12 ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളും ഒരു സിഡിഎസ് ചെയർപേഴ്‌സണും നാല് സിഡിഎസ് അംഗങ്ങളും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളും വർഗ ബഹുജന സംഘടനാ ഭാരവാഹികളും ഉൾപ്പടെയുള്ളവരാണ് സിപിഐഎമ്മിൽ ചേർന്നത്.
















