ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള സ്വർണപാളികാളും കട്ടിളപാളികളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ഇയാളെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യുക. ദ്വാരപാലക ശിപത്തിലെ സ്വർണ മോഷണ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു.
അതേസമയം സ്വർണക്കവർച്ചക്ക് പിന്നിൽ ആരായാലും അറസ്റ്റ് ചെയ്യണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. മുരാരി ബാബുവിന്റെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും ആഗ്രഹപ്രകാരം ഇപ്പോഴത്തെ ബോർഡ് പ്രവർത്തിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. മുരാരി ബാബു മാത്രമല്ല, ഇതിൽ പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. സ്വാഭാവികമായും അപ്പോൾ മാത്രമേ 2019 ൽ നടന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി പുറത്തുവരികയുള്ളൂ എന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ ഒക്ടോബർ 17 നു പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലുമുണ്ടായ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല ക്ഷേത്രത്തിലെ ശിൽപ്പങ്ങളിലെ സ്വർണം ഉരുക്കി കൊള്ള നടത്തിയതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് എസ്ഐടിയുടെ പ്രധാന ലക്ഷ്യം. ഉണ്ണികൃഷ്ണൻ പോറ്റിയും ‘സ്മാർട്ട് ക്രിയേഷൻ’ കമ്പനിയും തമ്മിലുണ്ടായ ഇടപാടുകളിൽ ദേവസ്വം ബോർഡിലെ ആരെല്ലാം പങ്കാളികളായിരുന്നുവെന്ന് അന്വേഷിക്കുന്നതിലും സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
സ്മാർട്ട് ക്രിയേഷൻ നൽകിയ മൊഴിപ്രകാരം 474 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരികെ നൽകിയെങ്കിലും, രേഖകൾ പ്രകാരം 11 ഗ്രാം അധിക സ്വർണം അദ്ദേഹത്തിന്റെ കൈവശം നിലനിന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊള്ള നടത്തിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരു സ്വദേശി കൽപേഷിന് കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട്, എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.
















