Homepage Featured Kerala News

ശബരിമല സ്വർണ്ണകൊള്ള: ​ദേവസ്വം ബോർഡിന് രക്ഷപെടാനാവില്ല, പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും അന്വേഷണം

എറണാകുളം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈകഴുകാനാകില്ലെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശില്പങ്ങളും താങ്ങുപീഠവും നൽകാൻ പി.എസ്. പ്രശാന്ത് നിർദേശം നൽകിയതായി കോടതി കണ്ടെത്തി.

ദേവസ്വം ബോർഡിന്റെ മിനുട്ട്‌സ് ബുക്ക് പിടിച്ചെടുക്കാനും അത് സുരക്ഷിതമായി എസ്ഐടി കസ്റ്റഡിയിൽ സൂക്ഷിക്കാനും ഹൈക്കോടതി നിർദേശം നൽകി. മിനുട്ട്‌സിന്റെ പകർപ്പ് ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ‘ചെറിയ മീൻ’ മാത്രമാണെന്നും, ഇതിന് പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. 2019ലെ സ്വർണനഷ്ടം പരിശോധിക്കാതെയാണ് 2025 സെപ്റ്റംബർ 3ന് ബോർഡ് പോറ്റിക്ക് വീണ്ടും ശിൽപപാളികൾ നൽകാൻ തീരുമാനിച്ചത്. ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയും സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെയുമാണ് നടപടി നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് ദേവസ്വം ബോർഡ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും, കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്വർണക്കൊള്ളയിലുണ്ടായ ഗൂഢാലോചന, അധികാരദുരുപയോഗം, ചുമതലയിൽ വന്ന മാറ്റങ്ങൾ തുടങ്ങിയവ എസ്ഐടി അന്വേഷണത്തിലൂടെ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹർജി നവംബർ 5ന് വീണ്ടും പരിഗണിക്കും.

Related Posts