Homepage Featured Kerala News

കോൺക്രീറ്റ് താഴ്ന്നുപോയാൽ എന്താണ് പ്രശ്നം; ഹെലികോപ്റ്റർ മുകളിലേക്കല്ലേ പോണത് ; വിചിത്രവാദവുമായി കെ യു ജനീഷ് കുമാർ എംഎൽഎ

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നുപോയ സംഭവത്തിൽ വിചിത്രമായ വാദവുമായി കോന്നി എംഎൽഎ കെ യു ജെനീഷ് കുമാർ. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സുരക്ഷ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദേശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ല. എച്ച് മാർക്ക് ചെയ്ത സ്ഥലത്തല്ല ലാൻഡ് ചെയ്തത്. അതിനേക്കാൾ അൽപം പിറകോട്ടാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. എൻഎസ്ജി അടക്കം പരിശോധിച്ച സ്ഥലമാണ്. വീഴ്ച ഉണ്ടായിട്ടില്ലെന്നും ജനീഷ് കുമാർ വ്യക്തമാക്കി.

കോൺക്രീറ്റ് താഴ്ന്നുപോയാൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച എംഎൽഎ ഹെലികോപ്റ്റർ മുകളിലേക്ക് ഉയർന്നല്ലേ പോകുന്നത് എന്നും മാധ്യമങ്ങൾക്ക് മറുപടി നൽകി. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. പിന്നീട് പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കുകയായിരുന്നു. യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആവർത്തിച്ചിരുന്നു.

ഹെലികോപ്റ്റർ ലാൻഡ് ചെയ്തതിലെ സാങ്കേതിക പ്രശ്നമാന്നാണ് പൊലീസ് മേധാവി പ്രതികരിച്ചത്. രാവിലെ 8.40ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍റെ നേതൃത്വത്തിലായിരുന്നു പ്രമാടത്ത് സ്വീകരിച്ചത്. ആന്റോ ആന്റണി എംപി, കെ യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎൽഎ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.

Related Posts