വാഷിങ്ടൺ: സർക്കാർ ഷട്ട്ഡൗൺ തുടരുന്നതിനാൽ അമേരിക്ക പ്രതിസന്ധിയിലായിരിക്കുകയാണ്. ഷട്ട്ഡൗൺ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നതോടെ ജനജീവിതം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സെനറ്റിൽ അവതരിപ്പിച്ച ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടതോടെ, തുടർച്ചയായി പതിനൊന്നാം തവണയും ബില്ല് പാസാകാതെ പോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതും ജനങ്ങളെ കനത്ത പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്.
20 മില്യൺ ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകൾ അനിവാര്യമാണെന്ന് ഡെമോക്രാറ്റ് പാർട്ടി ആവർത്തിച്ചപ്പോൾ, അതിനെ ബില്ലിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമാക്കി. ധനാനുമതി ബിൽ പാസാകാത്തതിനെ തുടർന്ന് അവശ്യ സർവീസുകൾ ഒഴികെ മറ്റ് സർക്കാർ വകുപ്പുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ആവശ്യ സർവീസുകൾ മാത്രം തുടരുമ്പോൾ സാധാരണ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ബിൽ ഒക്ടോബർ ഒന്നിന് മുൻപ് കോൺഗ്രസിൽ പാസാക്കുന്നതാണ് പതിവ്. എന്നാൽ, റിപ്പബ്ലിക്കൻ ഭരണപക്ഷവും ഡെമോക്രാറ്റ് പ്രതിപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനാകാതെ അമേരിക്ക ദീർഘമായ അടച്ചുപൂട്ടൽ തുടരുകയാണ്.
















