Kerala Lead News News

ഇനി കനത്ത പോരാട്ടങ്ങൾ; സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു.ധനമന്ത്രി കെ എൻ ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫു‍‍ട്ബോൾ താരം ഐഎം വിജയനും മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു. മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇനിയുള്ള എട്ട് ദിവസങ്ങൾ തിരുവനന്തപുരം സംസ്ഥാന കായികമേളയ്ക്ക് സാക്ഷ്യം വഹിക്കും. 12 വേദികളിലായി 20,000 കുട്ടികൾ കായിക മേളയുടെ ഭാ​ഗമാകും. 28നാണ് മേള സമാപിക്കും.

കായിക മേളയിൽ തീം സോങും അവതരിപ്പിച്ചു. ഇതാദ്യമായാണ് സ്കൂൾ കായിക മേളയിൽ തീം സോങ് അവതരിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളാണ് ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ചത്. കായിക മേളയിൽ നടന്ന മാർച്ച് പാസ്റ്റിൽ കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വയനാടിന് രണ്ടാം സ്ഥാനവും കണ്ണൂരിന് മൂന്നാം സ്ഥാനവും ലഭിച്ചു.

742 ഫൈനൽ മത്സരണങ്ങളാണ് ഇത്തവണത്തെ കായികമേളയിലുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് ഇനങ്ങളുമുണ്ട്. അതിൽ 1944 കുട്ടികളാണ് മത്സരിക്കുന്നത്. ഗൾഫിലെ ഏഴ് സ്കൂളുകളിൽ നിന്ന് 39 കുട്ടികളും മത്സരത്തിനുണ്ട്.

വിജയികൾക്ക് ഇതാദ്യമായി 117.5 പവന്‍റെ സ്വര്‍ണക്കപ്പും സമ്മാനിക്കും. പുത്തരിക്കണ്ടത്താണ് ഭക്ഷണശാല. ഒരേ സമയം കാൽ ലക്ഷത്തോളം പേർക്ക് കഴിക്കാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. സഞ്ജു സാംസണും കീർത്തി സുരേഷുമാണ് മേളയുടെ അംബാസഡർമാര്‍

സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാണ്. തലസ്ഥാനത്ത് പൊലീസിന്റെ വൻ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. കൂടാതെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , സ്കൗട്ട് ആൻഡ് ​ഗൈഡ് അം​ഗങ്ങളും ഡ്യൂട്ടിക്കുണ്ട്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാറ്റിക് കോംപ്ലസ്‌, സെന്‍ട്രല്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍ ഗ്രൗണ്ട്, കാലടി ഗവ. എച്ച്എസ്എസ് ഗ്രൗണ്ട്, സെന്റ് സേവിയേഴ്സ് കോളേജ് സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ച്, ടെന്നീസ് ക്ലബ് എന്നിങ്ങനെ 12 വേദികളിലാണ് മത്സരം.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പാണ് ഇത്തവണ നൽകുന്നത്. ഒക്ടോബർ 16ന് കാസർകോട് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ പര്യടനം മറ്റെല്ലാ ജില്ലകളും കടന്ന് ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു.

Related Posts