തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ സിപിഐയിടെ എതിർപ്പ് അവഗണിക്കില്ലെന്ന് സിപിഎം ജനറൾ സെക്രട്ടറി എംഎ ബേബി. പദ്ധതി എൽഡിഎഫ് ചർച്ച ചെയ്യുമെന്നും കേരളം ദേശിയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സംസ്ഥാനത്ത് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീ (പിഎംസ് സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) സംരംഭത്തിൽ കേരളം പങ്കെടുക്കുന്നതിൽ സിപിഎം എതിർപ്പ് അറിയിച്ചിരുന്നു.
അതേസമയം പദ്ധതിയിൽ പങ്കെടുക്കും എന്നാണ് കേരള സർക്കാർ അറിയിച്ചത്. നേരത്തെ പദ്ധതിയിൽ ചേരുന്നതിൽ നിന്ന് കേരളം വിട്ടുനിന്നിരുന്നു. സമഗ്ര ശിക്ഷ പോലുള്ള പദ്ധതികളിലൂടെ കേന്ദ്ര സർക്കാരിൽ നിന്ന് കുടിശ്ശികയായി ലഭിക്കേണ്ട ഏകദേശം 1,500 കോടി രൂപ ഉൾപ്പെടെ, ഗണ്യമായ കേന്ദ്ര ഫണ്ടുകൾ സംസ്ഥാനത്തിന് ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടിരുന്നു. പാഠപുസ്തകങ്ങൾ അച്ചടിക്കൽ, ചോദ്യപേപ്പറുകൾ തയ്യാറാക്കൽ, എസ്‌സി, എസ്ടി, തീരദേശ സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് യാത്ര, ഭക്ഷണം, ഹോസ്റ്റലുകൾ എന്നിവയുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് ഈ ഫണ്ടുകൾ ഉദ്ദേശിക്കുന്നത്.
പദ്ധതിയോടുള്ള എതിർപ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചിരുന്നു. ഈ പദ്ധതി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അജണ്ടയാണെന്ന് വിശേഷിപ്പിക്കുകയും സിപിഐയുമായി ആലോചിക്കാതെ സർക്കാർ മുന്നോട്ട് പോയതിനെ വിമർശിക്കുകയും ചെയ്തു. സിപിഐ ഇപ്പോഴും എതിർത്തുകൊണ്ടുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചകളും മന്ത്രി ശിവൻകുട്ടിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും തമ്മിലുള്ള ചർച്ചകളാണ് തീരുമാനത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
















