Homepage Featured India News

ബീഹാറിൽ ഇന്ത്യ സഖ്യത്തെ കുഴപ്പിക്കുന്നത് സൗഹൃദമത്സരം; 12 മണ്ഡലങ്ങളിൽ സഖ്യകക്ഷിപോര്? ബീഹാർ ബി.ജെ.പിയെ തുണയ്ക്കുമോ?

പാട്ന: പാടലിപുത്ര പ്രാ​​ദേശീക രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു എന്നും. എന്നാൽ കുതിരക്കച്ചവടവും കളം മാറ്റി ച്ചവിട്ടലും നടന്ന ബീഹാർ രാഷ്ട്രീയത്തിൽ നിർണായകമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോൾ വിധിയെഴുത്ത് ആർക്കൊപ്പം എന്നതാണ് ഉറ്റുനോക്കുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിനായുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ പാർട്ടികളും അവരുടെ അവസാന റൗണ്ട് സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പൂർത്തിയാക്കി കളം പിടിച്ചു. എൻ.ഡി.എ രാഷ്ട്രീയത്തിന്റെ അടിവേരിളക്കുമെന്ന് പ്രഖ്യാപിച്ചാണ് കോൺ​ഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം ബീഹാറിൽ തിരഞ്ഞെടുപ്പ് ​ഗോഥയിൽ ഇറങ്ങിയത്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ പ്രദേശിക പ്രതിപക്ഷ മുന്നണിയായ മഹാ​ഗഡ്ബന്ധനിലെ അസ്വാരസ്വം പരസ്യമായി.

243 അംഗ നിയമസഭയിലെ 121 മണ്ഡലങ്ങളിൽ നവംബർ 6 ന് വോട്ടെടുപ്പ് നടക്കുക, 1,314 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് അവശേഷിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട 12 മണ്ഡലങ്ങളിൽ ആർ.ജെ.ഡി ഇടഞ്ഞ് മത്സരിക്കുന്ന അവസ്ഥയുമാണ്.സഖ്യത്തിലെ വിള്ളലുകൾ പ്രകടമാക്കി സഖ്യകക്ഷികൾക്കെതിരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി). കോൺഗ്രസ്, വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി)കൾക്കെതിരെ അഞ്ച് സ്ഥാനാർഥികളെയാണ് ആർജെഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ എൻ.ഡി.എ സഖ്യത്തിനെതിരെ പോരിനിരങ്ങിയ ഇന്ത്യ മുന്നണിക്ക് തുടക്കത്തിലെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലുമെത്തി. തുടക്കം മുതലെ തർക്കത്തിലും ആശയക്കുഴപ്പത്തിലുമാണ്‌ പ്രതിപക്ഷസഖ്യമായ മഹാഗഡ്‌ബന്ധൻ. അര ഡസനിലേറെ മണ്ഡലങ്ങളിൽ ഇപ്പോഴും കക്ഷികൾ തമ്മിലുള്ള ‘സൗഹൃദമത്സരം’ എന്ന പ്രതീതിയാണ്‌ ഉയർത്തിക്കാട്ടുന്നതും. എന്നാൽ സൗഹൃദമത്സരം വാശിയായാൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുമെന്നും അത് തങ്ങൾക്ക് ​ഗുണം ചെയ്യുമെന്നും എൻ.ഡി.എയുടെ ആത്മവിശ്വാസം.

കോഴ ആരോപണവും തമ്മിൽ തല്ലും

കോൺഗ്രസിലും ആർജെഡിയിലുമുൾപ്പെടെ, സീറ്റിനായി കോഴ നൽകിയെന്ന ആരോപണമാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഉയർന്ന് കേട്ടത്. സിറ്റിങ്‌ എംഎൽഎമാരുടെ സമരനാടകങ്ങൾ ബിഹാറിൽ അരങ്ങേറിയതും തുടക്കം തന്നെ വിവാദമായി മാറി. കോൺഗ്രസിൽ സ്ഥാനാർഥിനിർണയം തീർത്തും തെറ്റായ രീതിയിലായിരുന്നുവെന്ന്‌ തുറന്നടിച്ചത്‌ പൂർണിയ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എം പികൂടിയായ പപ്പു യാദവ്‌ ആണ്‌. കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാജേഷ്‌ റാമും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി കൃഷ്‌ണ അല്ലാവരുവും കോൺഗ്രസിന്റെ ബിഹാർ നിയമസഭാ കക്ഷി നേതാവ്‌ ഷക്കീൽ അഹമ്മദ്‌ ഖാനും ചേർന്ന്‌ സീറ്റുകൾ കച്ചവടം ചെയ്‌തെന്ന ആരോപണമുയർത്തി പല കോണുകളിൽ നിന്ന്‌ പ്രവർത്തകർ രംഗത്തെത്തിയതോടെ പ്രാദശികമായ കോൺ​ഗ്രസിലെ തമ്മിൽതല്ല് പരസ്യമായി.

പട്‌ന വിമാനത്താവളത്തിൽ നേതാക്കൾക്കെതിരെ കയ്യേറ്റ ശ്രമവും എത്തിയതോടെ ബീഹാറിൽ പ്രതിപക്ഷ മുന്നണിയുടെ തിര‍ഞ്ഞെടുപ്പ് അപജയങ്ങൾ ഭരണകക്ഷിക്ക് ആയുധവുമായി. കഠ്വ മണ്ഡലത്തിൽ നിന്ന്‌ വീണ്ടും മത്സരിക്കുന്ന കോൺഗ്രസ്‌ നിയമസഭാകക്ഷി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഷക്കീൽ അഹമ്മദ്‌ ഖാൻ ഇതെല്ലാം പച്ചക്കള്ളമാണെന്ന് ആരോപിച്ചാണ് രം​ഗത്തെത്തിയത്. 20 വർഷത്തെ എൻഡിഎ ഭരണത്തിനെതിരെ വിധിയെഴുതാൻ ജനങ്ങൾ തീരുമാനിച്ചെന്നാണ്‌ ഷക്കീൽ അഹമ്മദ്‌ ഖാന്റെ ആത്മവിശ്വാസം. നേപ്പാളിനോട് അതിർത്തി പങ്കിടുന്ന കതിഹാർ ജില്ലയിലെ, കഠ്വ മണ്ഡലത്തിൽ ജയപരാജയങ്ങൾ വോട്ടർമാരുടെ നിലപാടിന് അനുപാതമായിരിക്കും.

രാഷ്ട്രീയ ജനതാദൾ (ആർജെഡി) 143 സ്ഥാനാർത്ഥികളുടെയും പേരുകളാണ് പുറത്തുവിട്ടത്. അതിൽ അഞ്ച് പേർ ഇന്ത്യ ബ്ലോക്കിലെ സ്ഥാനാർത്ഥികൾക്കെതിരെ തന്നെ മത്സര രം​ഗത്തുമുണ്ട്. 143 പേരിൽ 24 പേർ വനിതാ സ്ഥാനാർത്ഥികളും 16 പേർ മുസ്ലീങ്ങളുമാണ്. കോൺഗ്രസ് ആറ് സ്ഥാനാർത്ഥികളുടെ അവസാന പട്ടിക പുറത്തിറക്കിയതോടെ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 60 ആയി. ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് രം​ഗത്തുമെത്തി. സഖ്യകക്ഷികളായ ആർജെഡിയും കോൺഗ്രസും നടത്തിയ “രാഷ്ട്രീയ ഗൂഢാലോചന”യുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ജെ.എം.എം പ്രതികരിച്ചത്. വൈശാലി, സിക്കന്ദ്ര, കഹൽഗാവ്, സുൽത്താൻഗഞ്ച്, നർക്കതിയാഗഞ്ച്, വാർസലിഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് ആർജെഡിയും കോൺ​ഗ്രസും സ്ഥാനാർഥികളെ നിർത്തിയത്. അതേസമയം, ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ്, കാർഘർ എന്നിവിടങ്ങളിൽ സിപിഐയും കോൺഗ്രസും പരസ്പരം സ്ഥാനാർത്ഥികളെ നിർത്തി.

12 മണ്ഡലങ്ങളിൽ സഖ്യത്തിലെ പാർട്ടികൾ നേരിട്ട് മത്സരിക്കേണ്ട അവസ്ഥയാണ് ‌ഇന്ത്യ സംഖ്യത്തെ കുഴപ്പിക്കുന്നത്. ആറ് സീറ്റുകളിൽ ആർജെഡിയും കോൺഗ്രസും നേരിട്ട് മത്സരിക്കുമ്പോൾ, സിപിഐയും കോൺഗ്രസും നാല് മണ്ഡലങ്ങളിൽ ഏറ്റുമുട്ടും. മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി)യും ആർജെഡിയും രണ്ട് സീറ്റുകളിൽ (ചെയിൻപൂർ, ബാബുബർഹി) ഏറ്റുമുട്ടുന്ന കാഴ്ചയും പ്രകടമാണ്.

ഔദ്യോ​​ഗിക സ്ഥാനാർത്ഥിയെ വെട്ടി, സ്വന്തം സ്ഥാനാർത്ഥിക്കെതിരെ തേജസ്വിയും

ദർഭംഗ ജില്ലയിലെ നിയോജകമണ്ഡലത്തിൽ സ്വന്തം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്കെതിരെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രം​ഗത്തെത്തിയത് പുതിയ വിവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. ഗൗര ബൗറാമിൽ നിന്ന് തങ്ങളുടെ നേതാവ് അഫ്സൽ അലി ഖാനെ മത്സരിപ്പിക്കാൻ ആർജെഡി തീരുമാനിച്ചത്.പാർട്ടി നേതൃത്വം അഫ്സലിന് അതിന്റെ ചിഹ്നവും അദ്ദേഹത്തെ ആർജെഡി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന രേഖകളും നൽകി. പക്ഷേ മണ്ഡലത്തിലെത്തിയപ്പോൾ കളി മാറി., തന്റെ പ്രചാരണം ആരംഭിക്കാൻ ആകാംക്ഷയോടെ പുറപ്പെട്ടു. വീട്ടിലെത്തിയപ്പോഴേക്കും, ആർജെഡിയിലെയും മുകേഷ് സാഹ്നിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടിയിലെയും നേതാക്കൾ സീറ്റ് പങ്കിടലിന് ധാരണയാക്കി. , എല്ലാ മഹാഗത്ബന്ധൻ കക്ഷികളും അവരുടെ സ്ഥാനാർത്ഥി സന്തോഷ് സാഹ്നിയെ പിന്തുണയ്ക്കമെന്ന് അറിയിച്ചതോടെ അഫ്സലിന് പിന്മാറ്റ സമ്മർദ്ദം നൽകി ആർ.ജെ.ഡി നേതൃത്വവും രം​ഗത്തെത്തി. ഇതോടെ അഫ്സലിനെതിരെ തേജസ്വി തന്നെ രം​ഗത്തെത്തി.

Related Posts