Homepage Featured News World

പാറ്റയെ കൊല്ലാൻ കെട്ടിടത്തിന് തീയിട്ടു; 20കാരിക്കെതിരെ അറസ്റ്റ് വാറന്റ്, 30കാരിക്ക് ദാരുണാന്ത്യം

സിയോൾ: പാറ്റയെ കൊല്ലാനായി യുവതി ഫ്ലെയിം ത്രോവർ ഉപയോഗിച്ചതിന് പിന്നാലെ കെട്ടിടത്തിന് തീ പിടിച്ചു. തീ പടർന്ന കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അയൽവാസി മരണപ്പെട്ടതിന് പിന്നാലെ 20കാരിക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. ലൈറ്ററും തീ പടർത്താൻ ഉപയോഗിക്കുന്ന സ്പ്രേയും ഉപയോഗിച്ചാണ് 20 കാരി പാറ്റയെ കത്തിക്കാൻ നോക്കിയത്. എന്നാൽ സ്പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലെ വടക്കൻ നഗരമാ ഒസാനിലാണ് സംഭവം.

ചൈനീസ് സ്വദേശിയായ 30കാരിയാണ് ഒസാൻ സിറ്റിയിലുണ്ടായ അഗ്നിബാധയിൽ മരിച്ചത്. തീ പടർന്നപ്പോൾ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയ യുവതി തറയിൽ വീണാണ് മരിച്ചത്. ഒന്നാം നിലയിൽ വ്യാപാര സ്ഥാപനങ്ങളും ശേഷിക്കുന്ന നിലകളിലായി 32 വീടുകളുമുള്ള കെട്ടിടത്തിലാണ് 20കാരി പാറ്റയെ പിടിക്കാനുള്ള ശ്രമത്തിനിടെ തീയിട്ടത്.

അഞ്ചാം നിലയിലായിരുന്നു 30കാരി യുവതി താമസിച്ചിരുന്നത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. കെട്ടിടത്തിലേക്ക് തീ പടർന്നപ്പോൾ കുട്ടിയെ അടുത്ത ബ്ലോക്കിലെത്തിയ രക്ഷാപ്രവർത്തകർക്ക് കൈമാറാൻ യുവതിക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം ജനലിലൂടെ അടുത്ത ബ്ലോക്കിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് 30കാരി താഴേയ്ക്ക് വീണത്.

പടികളിൽ പുക നിറഞ്ഞ് കാണാൻ പറ്റാത്ത സ്ഥിതിയിലാണ് യുവതി ജനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ചത്. കെട്ടിടത്തിലെ താമസക്കാരിൽ 8 പേർ വിഷപ്പുക ശ്വസിച്ച് ചികിത്സയിൽ കഴിയുകയാണ്. 2018ൽ ഓസ്ട്രേലിയയിൽ യുവാവ് സ്വന്തം അടുക്കള ഇത്തരത്തിൽ കത്തിച്ചിരുന്നു. കീടനിയന്ത്രണത്തിനുള്ള സ്പ്രേ ലൈറ്ററിന് മുന്നിൽ പിടിച്ചായിരുന്നു അന്ന് യുവാവ് കീടങ്ങളെ ഓടിക്കാൻ ശ്രമിച്ചത്.

Related Posts