ജറുസലം: റഫാ ഉൾപ്പെടെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് സൈനികർക്കുനേരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ബോംബ് വീഴ്ത്തിയത്. ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ചെങ്കിലും കരാറിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഉയർന്നിട്ടുണ്ട്.
ഇസ്രയേൽ സൈന്യം ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിർത്തൽ തുടരുമെന്നു പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വെടിനിർത്തൽ തുടരുമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെക്കൻ ഗാസയിലെ റഫായിൽ ശക്തമായ ബോംബാക്രമണം നടന്നത്. വടക്കൻ ഗാസയിലെ ജബാലിയ, ദെയ്റൽ ബലാഹ പ്രദേശങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിന് സമീപമുള്ള അബാസൻ പട്ടണത്തിലും ടാങ്ക് ഷെല്ലിംഗ് നടന്നു. സൈനികർക്കുനേരെ റോക്കറ്റാക്രമണം നടന്നെന്ന ഇസ്രയേൽ ആരോപണം ഹമാസ് നിഷേധിച്ചു.
വെടിനിർത്തൽ കരാറിന് ശേഷം ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 38 പലസ്തീനികൾ കൊല്ലപ്പെട്ടതായും 143 പേർക്ക് പരിക്കേറ്റതായും ഗാസ അധികൃതർ അറിയിച്ചു. ഇതിനിടെ ഗാസയിലേക്കുള്ള സഹായവിതരണത്തിനും യാത്രയ്ക്കുമായി തുറക്കേണ്ട റഫാ അതിർത്തി ഇടനാഴി താൽക്കാലികമായി അടച്ചിടുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. റഫാ വഴി മനുഷ്യാവകാശ സഹായങ്ങൾ എത്തിക്കാനുള്ള കരാർ വ്യവസ്ഥ ഇപ്പോൾ നിലച്ചിരിക്കുകയാണ്.
വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ട ചർച്ചകൾ ആരംഭിക്കാനിരിക്കെ നടന്ന ഈ ആക്രമണങ്ങൾ സമാധാനപ്രക്രിയയെ ആശങ്കാജനകമാക്കിയിരിക്കുകയാണ്. രണ്ടാംഘട്ടത്തിൽ ഹമാസിന്റെ നിരായുധീകരണവും ഗാസയിലെ പുതിയ ഭരണക്രമവുമാണ് ചർച്ച ചെയ്യാനുള്ളത്. എന്നാൽ മുൻപ് നടന്ന വെടിനിർത്തലുകളിലും ഇസ്രയേൽ ചർച്ചകളുടെ രണ്ടാംഘട്ടം തുടങ്ങും മുൻപേ ഏകപക്ഷീയമായി ആക്രമണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
















